ജില്ലയില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ ദുരതത്തിന്‌ പരിഹാരമാകുന്നു

Story dated:Tuesday January 19th, 2016,11 59:am
sameeksha sameeksha

2006121900010101_1020972eകോട്ടക്കല്‍: ജില്ലയിലെ വിദ്യാര്‍ഥികളുടെ യാത്രാപ്രശ്‌നത്തിന്‌ ശാശ്വതപരിഹാരമായി പുതിയൊരു പദ്ധതിയുമായി അധികൃതര്‍. ജില്ലയിലെ വിദ്യാര്‍ഥികളുടെ ദുരിതം തീര്‍ത്ത്‌ സൗജന്യയാത്രയൊരുക്കാന്‍ തദ്ദേശസ്ഥാപനങ്ങളും മോട്ടോര്‍വാഹന വകുപ്പും ചേര്‍ന്ന്‌ സ്വകാര്യപങ്കാളിത്തത്തോടെയാണ്‌ പുതിയ പദ്ധതി നടപ്പിലാക്കുന്നത്‌. രാവിലെയും വൈകീട്ടും വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യയാത്ര നല്‍കുന്നതിനായി ബസ്‌ സര്‍വീസുകള്‍ കുറഞ്ഞ ഉള്‍നാടുകളിലേക്ക്‌ കൂടുതല്‍ ബസുകള്‍ക്ക്‌ പെര്‍മിറ്റ്‌ അനുവദിക്കുന്ന പദ്ധതിക്കാണ്‌ അധികൃതര്‍ രൂപം നല്‍കിയത്‌.

വിദ്യാര്‍ഥികള്‍ക്ക്‌ മുന്‍തൂക്കം നല്‍കിയോടുന്ന ഈ പുതിയ ബസുകളുടെ നികുതി പണം ആ ബസുകളുടെ ലോണിലേക്ക്‌ തന്നെ അടച്ചുതീര്‍ക്കും. വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യയാത്ര നല്‍കിയതു മൂലമുള്ള ബസുകാരുടെ ധനനഷ്ടം ഇതുവഴി നികത്താനാവുമെന്നാണ്‌ അധികൃതരുടെ കണക്കൂകൂട്ടല്‍. വിദ്യാര്‍ഥികളില്ലാത്ത സമയങ്ങളില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റി പണം പിരിക്കാം. ഇതോടൊപ്പം ഉള്‍നാടുകളിലേക്ക്‌ കൂടുതല്‍ ബസുകള്‍ സര്‍വീസുകള്‍ കുറവാണെന്ന പരാതിയും മാറും.

വിദ്യാര്‍ഥികളുടെ യാത്രദുരിതത്തിന്‌ പരിഹാരമായി നടപ്പാക്കിയ സ്റ്റുഡന്റ്‌സ്‌ ഒണ്‍ലി ബസുകള്‍ കൂടുതല്‍ കാലം ഓടാതെ ശ്രമം ഉപേക്ഷിച്ച നിലയില്‍ ഏറെ ആലോചനകള്‍ക്കുശേഷമാണ്‌ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളും മോട്ടോര്‍വാഹന വകുപ്പും പുതിയപദ്ധതിയുമായി മുന്നോട്ടുപോയത്‌. നിലവില്‍ പല തദ്ദേശ സ്ഥാപനങ്ങളിലും ഈ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അന്തിമ ചര്‍ച്ച പൂര്‍ത്തിയായതായാണ്‌ വിവരം.