ജില്ലയില്‍ ഉടന്‍ ഇ. ഡിസ്ട്രിക്റ്റ് നടപ്പാക്കും – വ്യവസായ മന്ത്രി

മലപ്പുറം : ഭരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഉടന്‍ ഇ.ഡിസ്ട്രിക്റ്റ് പദ്ധതി നടപ്പാക്കുമെന്ന് വ്യവസായ – ഐ.റ്റി വകുപ്പു മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആലപ്പുഴ, കോട്ടയം, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി മന്ത്രി അറിയിച്ചു. 2002-03 ല്‍ അക്ഷയ പദ്ധതി മികച്ച നിലയില്‍ നടപ്പാക്കിയതിന് 2005 ല്‍ ജില്ലയ്ക്ക് ലഭിച്ച ഗോള്‍ഡന്‍ നിക്ക അവാര്‍ഡ് ജില്ലാ പഞ്ചായത്തിന് കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കടക്കെണി മൂലം അക്ഷയ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടേണ്ടി വന്നവര്‍ക്കും വായ്പ തിരിച്ചടക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന നിലവിലുള്ള സംരഭകര്‍ക്കും സഹായകമാകുന്ന വിധം പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ചടങ്ങില്‍ പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. ഗോള്‍ഡന്‍ നിക്ക അവാര്‍ഡ് വ്യവസായ-ഐ.ടി മന്ത്രി പി.കുഞ്ഞാലിക്കുട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാടിന് കൈമാറി. പട്ടികജാതി – പിന്നാക്ക ക്ഷേമ-ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ അഡ്വ.എം.ഉമ്മര്‍ എം.എല്‍.എക്കും, വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എക്കും പദ്ധതി നടപ്പാക്കുന്നതില്‍ മുന്‍കൈ എടുത്തതിനുള്ള അവാര്‍ഡുകള്‍ നല്‍കി.

ബെസ്റ്റ് എന്റര്‍പ്രണര്‍ അവാര്‍ഡ് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയില്‍ നിന്നും കീഴിശ്ശേരിയിലെ അക്ഷയ സംരഭകന്‍ മുജീബ് റിഹിമാന്‍ ഏറ്റുവാങ്ങി. അക്ഷയ ജില്ലാ ഓഫീസിനെ പ്രതിനിധീകരിച്ച് ജില്ലാ സെക്രട്ടറി കെ. പി.മുഹമ്മദ് ബഷീര്‍ ഇന്റ്ല്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഏറ്റവും കൂടുതല്‍ യു.ഐ.ഡി എന്‍ റോള്‍മെന്റ് നടത്തിയ അഭിഷര്‍ ഫാറൂക്കിനും ഇന്റല്‍ ലേണിങ് പരിപാടിയില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ചതിനുള്ള അവാര്‍ഡ് തൃപ്പനച്ചി അക്ഷയ സെന്റര്‍ സംരഭകന്‍ മൊയ്തീന്‍ കുട്ടിക്കും നല്‍കി.
ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞു, നഗരസഭ ചെയര്‍മാന്‍ കെ.പി.മുഹമ്മദ് മുസ്തഫ, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സക്കീന പുല്‍പ്പാടന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഉമ്മര്‍ അറയ്ക്കല്‍, സലീം കുരുവമ്പലം, എ.കെ.അബ്ദുറഹിമാന്‍, വി.എം ഷൗക്കത്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.