ജില്ലയില്‍ അഞ്ച്‌ മണ്‌ഡലങ്ങളില്‍ സ്‌ത്രീ വോട്ടര്‍മാരെ ചേര്‍ക്കാനുള്ള പ്രത്യേക ക്യാംപുകള്‍ക്ക്‌ തുടക്കമായി

പരപ്പനങ്ങാടി നഗരസഭയില്‍ സ്‌ത്രീകള്‍ക്ക്‌ വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കുന്നതിനുള്ള പ്രത്യേക ക്യാമ്പിന്റെ ഉദ്‌ഘാടനം നഗരസഭാ സെക്രട്ടറി പി.സി സാമുവല്‍ നിര്‍വഹിക്കുന്നു
പരപ്പനങ്ങാടി നഗരസഭയില്‍ സ്‌ത്രീകള്‍ക്ക്‌ വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കുന്നതിനുള്ള പ്രത്യേക ക്യാമ്പിന്റെ ഉദ്‌ഘാടനം നഗരസഭാ സെക്രട്ടറി പി.സി സാമുവല്‍ നിര്‍വഹിക്കുന്നു

മലപ്പുറം: ജില്ലയിലെ അഞ്ച്‌ നിയോജക മണ്‌ഡലങ്ങളില്‍ സ്‌ത്രീ വോട്ടര്‍മാരുടെ എണ്ണത്തിലുള്ള കുറവ്‌ പരിഹരിക്കുന്നതിന്‌ ഏപ്രില്‍ നാല്‌ മുതല്‍ മൂന്ന്‌ ദിവസം ഗ്രാമപഞ്ചായത്ത്‌- നഗരസഭാ ഓഫീസുകള്‍ കേന്ദ്രീകരിച്ച്‌ പ്രത്യേക ക്യാംപുകള്‍ ആംഭിച്ചു. വോട്ടര്‍മാരിലെ സ്‌ത്രീ – പുരുഷ അനുപാതത്തില്‍ വലിയ വ്യത്യാസമുള്ള വേങ്ങര, തിരൂരങ്ങാടി, മലപ്പുറം, വള്ളിക്കുന്ന്‌, കൊണ്ടോട്ടി നിയോജക മണ്‌ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ സ്‌ത്രീ വോട്ടര്‍മാര്‍ക്ക്‌ മാത്രമായി പ്രത്യേക കാംപയിന്‍ നടത്തുന്നത്‌.

മണ്‌ഡലം പരിധിയിലെ ഗ്രാമപഞ്ചായത്ത്‌, നഗരസഭാ ഓഫീസുകളിലാണ്‌ ഏപ്രില്‍ ആറ്‌ വരെ തീയതികളില്‍ സ്‌ത്രീകള്‍ക്ക്‌ മാത്രമായി വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി പേര്‌ ചേര്‍ക്കുന്നതിനുള്ള സൗകര്യം ഉണ്ടാകുക. രാവിലെ 9.30 മുതല്‍ വൈകീട്ട്‌ 5.30 വരെ ക്യാംപുകള്‍ പ്രവര്‍ത്തിക്കും. 2016 ജനുവരി ഒന്നിന്‌ 18 വയസ്‌ തികയുന്ന വനിതകള്‍ക്ക്‌ ക്യാംപുകളില്‍ എത്തി പട്ടികയില്‍ പേര്‌ ചേര്‍ക്കാം. മൂന്ന്‌ ദിവസങ്ങളിലും അഞ്ച്‌ മണ്‌ഡലങ്ങളിലും പ്രചാരണ വാഹന പര്യടനം, ലഘുലേഖ വിതരണം എന്നിവയും നടക്കും.
സിസ്റ്റമാറ്റിക്‌ വോട്ടേഴ്‌സ്‌ എജുക്കേഷന്‍ ആന്‍ഡ്‌ ഇലക്‌റ്ററല്‍ പാര്‍ടിസിപേഷന്റെ (സ്‌വീപ്‌) ഭാഗമായി സ്‌ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനുള്ള പ്രത്യേക കാംപയിന്‍ വിജയിപ്പിക്കാന്‍ ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌കരന്‍ അഭ്യര്‍ഥിച്ചു.