ജില്ലയിലെ ബാങ്ക്‌ നിക്ഷേപം 23801 കോടിയായി

images (1)മലപ്പുറം: ജില്ലയിലെ വിവിധ ബാങ്കുകളിലെ നിക്ഷേപം കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്‌ 40% വര്‍ധിച്ച്‌ 23801 കോടിയായി. പ്രവാസി നിക്ഷേപം 5894 കോടിയാണ്‌. ജില്ലാതല ബാങ്കിങ്‌ അവലോകന സമിതിയാണ്‌ 2015 മാര്‍ച്ച്‌ വരെയുള്ള കണക്കുകള്‍ അവതരിപ്പിച്ചത്‌. വായ്‌പ 34 ശതമാനം വര്‍ധിച്ച്‌ 15834 കോടിയായി. 2014-15 സാമ്പത്തികവര്‍ഷം ക്ഷീര മേഖലയ്‌ക്ക്‌ 161.39 കോടിയാണ്‌ ജില്ലയിലെ ബാങ്കുകള്‍ വായ്‌പയായി നല്‍കിയത്‌. 66.83 കോടി വിദ്യാഭ്യാസ വായ്‌പ നല്‍കി. ഇതേ കാലയളവില്‍ 296.55 കോടിയാണ്‌ ഭവന നിര്‍മാണത്തിനായി നല്‍കിയത്‌. ചെറുകിട ജലസേചനത്തിന്‌്‌ 11.66 കോടിയും ഭൂവികസനത്തിന്‌്‌ 88.62 കോടിയും പ്ലാന്റേഷനും ഹോര്‍ട്ടികള്‍ചറിനുമായി 56.38 കോടിയുമാണ്‌ ജില്ലയിലെ ബാങ്കുകള്‍ വായ്‌പ നല്‍കിയത്‌. പുതുതായി തുടങ്ങിയ നാല്‌ ശാഖകളടക്കം 616 ബാങ്കുകളാണ്‌ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്‌.

അവലോകന സമിതി യോഗം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള വി.രാമചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലയിലെ ചെറുകിട വ്യവസായ സംരംഭങ്ങള്‍ ചില്ലറ പണമിടപാടുകാരെ ആശ്രയിക്കാതെ ബാങ്കിങ്‌ മേഖലയുമായി ചേര്‍ത്തിണക്കണമെന്ന്‌ റിസര്‍വ്വ്‌ ബാങ്ക്‌ എ.ജി.എം വി. രവീന്ദ്രന്‍ പറഞ്ഞു. കാര്‍ഷിക വായ്‌പ കൃഷി ആവശ്യത്തിനാണെന്ന്‌ ഉറപ്പ്‌ വരുത്തണം. സൂക്ഷ്‌മ വ്യവസായ സംരംഭങ്ങള്‍ക്ക്‌ കൂടുതല്‍ വായ്‌പ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക മേഖലയുടെ വികസനത്തിനായി ബാങ്ക്‌ ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ക്കിടയിലേക്കിറങ്ങി പ്രവര്‍ത്തിക്കണമെന്ന്‌ നബാര്‍ഡ്‌ ഡി.ഡി.എം ജെയിംസ്‌ പി ജോര്‍ജ്‌ പറഞ്ഞു. കാര്‍ഷിക അനുബന്ധ മേഖലയുമായി ബന്ധപ്പെട്ട്‌ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതിക്കായി 50 കര്‍ഷകരുടെ കൂട്ടായ്‌മയ്‌ക്ക്‌ മൂന്ന്‌ വര്‍ഷക്കാലയളവിലേക്ക്‌ ഒമ്പത്‌ ലക്ഷം നല്‍കും. ഇത്തരത്തില്‍ ജില്ലയില്‍ അഞ്ച്‌ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ രൂപവത്‌ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാനറാ ബാങ്ക്‌ ഡെപ്യൂട്ടി ജനറല്‍ മാനെജര്‍ കെ. ഹരിഹരന്‍, ജില്ലാ ലീഡ്‌ ബാങ്ക്‌ മാനെജര്‍ കെ. അബ്‌ദുള്‍ ജബ്ബാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.