ജാട്ടു സംവരണ ബില്‍ ഹരിയാന മന്ത്രിസഭ അംഗീകരിച്ചു

jat_agitation_480ചണ്ഡീഗഡ്‌: ഹരിയാനയിലെ ജാട്ടുകള്‍ക്ക്‌ വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിക്കും സംവരണം നല്‍കുന്ന ബില്‍ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. ഏപ്രില്‍ മൂന്നിനുള്ളില്‍ സംവരണം നല്‍കിയില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്ന്‌ ജാട്ട്‌ നേതാക്കള്‍ മുന്നറിയിപ്പ്‌ നല്‍കിയതിനെ തുടര്‍ന്നാണ്‌ ഈ തീരുമാനം.

രാജ്യത്തെയാകെ ദിവസങ്ങളോളം മുള്‍മുനയില്‍ നിര്‍ത്തുകയും നിരവധിയാളുടെ മരണത്തിനു കാരണമാവുകയും ചെയ്‌ത ജാട്ടു സമരത്തിനൊടുവിലാണ്‌ ഹരിയാന സര്‍ക്കാര്‍ പ്രക്ഷോഭകരുടെ ആവശ്യങ്ങള്‍ക്ക്‌ വഴങ്ങിയത്‌. മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ജാട്ടുകളുള്‍പ്പെടെ അഞ്ച്‌ സമുദായങ്ങള്‍ക്ക്‌ പ്രത്യേക സംവരണം നല്‍കാന്‍ തീരുമാനിച്ചു.

ജാട്ട്‌ സിഖ്‌, റോര്‍, ബിഷ്‌ണോയ്‌, ത്യാഗ്‌ എന്നീ സമുദായങ്ങളാണ്‌ ജാട്ടുകള്‍ക്കു പുറമേ പ്രത്യേക സംവരണത്തില്‍ പെടുന്നത്‌. വിദ്യഭ്യാസത്തിനും ക്ലാസ്‌ ത്രീ, ക്ലാസ്‌ഫോര്‍ എന്നീ വിഭാഗങ്ങളിലുള്ള ജോലികള്‍ക്കും 10 ശതമാനം സംവരണം നല്‍കാനാണ്‌ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്‌. മാര്‍ച്ച്‌ 31 ന്‌ അവസാനിക്കുന്ന നിലവിലെ നിയമസഭാ സമ്മേളന കാലയളവില്‍ തന്നെ ബില്‍ അവതരിപ്പിച്ചേക്കും. ബില്‍ അവതരിപ്പിക്കുന്നതിനായി ഏപ്രില്‍ മൂന്ന്‌ വരെ ജാട്ട്‌ നേതാക്കള്‍ സമയം അനുവദിച്ചിട്ടുണ്ട്‌.