ജയസൂര്യക്കെതിരെയുള്ള കായല്‍ കയ്യേറ്റ പരാതി ശരിവെച്ച്‌ കൊച്ചിന്‍ കോര്‍പ്പറേഷന്‍

Story dated:Tuesday February 9th, 2016,04 01:pm

Jayasurya16122014125429AMകൊച്ചി: നടന്‍ ജയസൂര്യ ചെലവന്നൂര്‍ കായല്‍ കൈയേറി നിര്‍മ്മാണം പ്രവര്‍ത്തനം നടത്തിയെന്നാരോപണം ശരിവെച്ച്‌ കൊച്ചിന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്‌. ജയസൂര്യ മൂന്ന്‌ സെന്റിലധികം ഭൂമി കൈയേറിയെന്ന സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട്‌ തൃശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ സമര്‍പ്പിച്ചു. കൈയേറ്റ ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ച്‌ നീക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതായി കോര്‍പ്പറേഷന്‍ സെക്രട്ടറി അറിയിച്ചു. കേസ്‌ മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതിയിലേക്ക്‌ മാറ്റി. 22 ന്‌ കേസ്‌ കോടതി പരിഗണിക്കും.

കൊച്ചി ചിലവന്നൂരില്‍ കായലിന്‌ സമീപമുള്ള സ്ഥലത്ത്‌ ജയസൂര്യ അനധികൃതമായി ബോട്ട്‌ ജെട്ടിയും ചുറ്റുമതിലും നിര്‍മ്മച്ചെന്നാരോപിച്ച്‌ പൊതുപ്രവര്‍ത്തകന്‍ ഗിരീഷ്‌ ബാബുവാണ്‌ പരാതി നല്‍കിയത്‌. തീരദേശ പരിപാലന സംരക്ഷണ നിയമവും മുന്‍സിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടവും താരം ലംഘിച്ചെന്നാണ്‌ പരാതിയില്‍ പറയുന്നത്‌. പരാതിയില്‍ ഇതുവരെ സ്വീകിരിച്ച നടപടികള്‍ ജനുവരി ആറിനുള്ളില്‍ അറിയിക്കണമെന്ന്‌ കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോട്‌ വിജിലന്‍സ്‌ ജഡ്‌ജി എസ്‌ എസ്‌ വാസന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജയസൂര്യയുടെ വീടിരിക്കുന്ന ഭൂമി റവന്യൂ ഉദ്യോഗസ്ഥര്‍ അളന്ന്‌ തിട്ടപ്പെടുത്തിയിരുന്നു.

അനധികൃത നിര്‍മ്മാണം പൊളിച്ചു നീക്കണമെന്ന്‌ 2014 ഫെബ്രുവരിയില്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ നടപടി ഉണ്ടാകാത്തതിനാല്‍ പരാതിക്കാരന്‍ വിജിലന്‍സ്‌ കോടതിയെ സമീപിക്കുകയായിരുന്നു.