ജയലളിതയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ :തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ആരോഗ്യനില രഹസ്യമാക്കി വെച്ചത് സംശയകരമെന്നും കോടതി. ജയലളിതയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. ഹര്‍ജി കൂടുതല്‍ പരിശോധനയ്ക്കായി ബെഞ്ചിന് കൈമാറി.

ജയലളിതയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍പോലും സമര്‍പ്പിക്കാത്തത് സംശയാസ്പദമാണെന്നും കോടതി നിരീക്ഷിച്ചു. ചെന്നൈ സ്വദേശിയായ എഐഡിഎംകെ പ്രവര്‍ത്തകന്റെ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. ഹര്‍ജി പരിഗണിക്കുന്നത് ജനുവരി നാലിലേക്ക് മാറ്റി.

ജയലളിതയ്ക്ക് സെപ്തംബര്‍ 22 മുതല്‍ നല്‍കിയ ചികിത്സയുടെ വിശദാംശങ്ങള്‍ ആശുപത്രി പുറത്തുവിടാത്തത് ദുരൂഹത വര്‍ധിപ്പിച്ചിരുന്നു. മരണത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് നടി ഗൗതമി പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു.