ജമ്മു കാശ്‌മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി മെഹബൂബ മുഫ്‌തി സത്യപ്രതിജ്ഞ ചെയ്‌തു

mehbooba-mufthiശ്രീനഗര്‍: ജമ്മു കാശ്മീരിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി മെഹബൂബ മുഫ്തി സത്യ പ്രതിജ്ഞചെയ്ത് അധികാരമേറ്റു. ജനുവരിയില്‍ മുഫ്തി മുഹമ്മദ് സയ്യിദ് അന്തരിച്ചതിനെ തുടര്‍ന്ന് രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായിരുന്ന സംസ്ഥാനത്ത് പിഡിപിയും ബിജെപിയും വീണ്ടും ധാരണയില്‍ എത്തിയതിന്റെ സാഹചര്യത്തിലാണ് സര്‍ക്കാര്‍ രൂപീകരണം നടക്കുന്നത്.

രാവിലെ 11 മണിക്ക് രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എന്‍ എന്‍വോറ, മെഹബൂബ മുഫ്തിക്ക് സത്യ വാചകം ചൊല്ലി കൊടുത്തു. ബിജെപി നേതാവ് നിര്‍മല്‍ സിംഗാണ് ഉപമുഖ്യമന്ത്രി. മെഹ്ബൂബയ്‌ക്കൊപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു അധിക്കാരമേറ്റു. എന്നാല്‍ ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു.

അവിശുദ്ധ കൂട്ടുകെട്ടാണ് പിഡിപിയും ബിജെപിയും തമ്മിലുള്ളതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ജമ്മുകാശ്മീര്‍ പിസിസി വക്താവ് രവീന്ദര്‍ ശര്‍മ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്.പിഡിപിയും ബിജെപിയും ജനവിധിയോട് ആദരവില്ലാതെയാണ് പെരുമാറിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ആശയപരമായി ഒരു തരത്തിലും യോജിക്കാനാവാത്ത ഇരു പാര്‍ട്ടികളും ജമ്മു കാശ്മീരിന്റെ അടിസ്ഥാന പ്രശ്‌നങ്ങളിലുള്ള രൂക്ഷമായ അഭിപ്രായ ഭിന്നതയ്ക്കിടയിലാണ് അധികാരത്തോട് ആര്‍ത്തി മൂത്ത് സര്‍ക്കാരുണ്ടാക്കിയതെന്ന് രവീന്ദര്‍ ശര്‍മ്മ പരിഹസിച്ചു.