ജമ്മുവില്‍ പാക്‌ ഷെല്ലാക്രമണത്തില്‍ മൂന്ന്‌ മരണം

images (1)ജമ്മു: പാകിസ്‌താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന്‌ ഗ്രാമീണര്‍ മരിച്ചു. ഇന്നു പുലര്‍ച്ചയ്‌ക്ക്‌ ഒരുമണിയോടെയാണ്‌ ആക്രണമണമുണ്ടായത്‌. ആര്‍ എസ്‌ പുര സെക്ടറില്‍ പാക്‌ റേഞ്ചര്‍മാര്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ വീണ്ടും ആക്രമണമഴിച്ചുവിടുകയായിരുന്നു.

സായ്‌ കുര്‍ദ്‌ ഗ്രാമവാസികളായ സുഭാഷ്‌ ചന്ദര്‍(45), ബിമല ദേവി (42), അബ്ദുലിയന്‍ ഗ്രാമത്തിലെ നിവാസിയായ പവന്‍ കുമാര്‍ (55) എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. പാകിസ്‌താന്‍ നടത്തിയ ആക്രമണത്തിന്‌ ഇന്ത്യയും കനത്ത തിരിച്ചടി നല്‍കിയതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്‌.

ഷെല്ലുകള്‍ക്ക്‌ പുറമെ മെഷിന്‍ ഗണ്ണുകള്‍ ഉപയോഗിച്ചും പാകിസ്‌താന്‍ ആക്രമിച്ചു. ആഗസ്‌ത്‌ 15 ന്‌ ശേഷം പാകിസ്‌താന്‍ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്‌. സ്വാതന്ത്ര്യദിനത്തില്‍ പാകിസ്‌താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ആറ്‌ ഗ്രാമീണര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം ഇന്ത്യ നടത്തിയ ആക്രണത്തില്‍ പാകിസ്‌താന്‍ അതിര്‍ത്തി പ്രദേശത്ത്‌ ആറ്‌ പേര്‍ക്ക്‌ ജീവന്‍ നഷ്ടമായതായി പാക്‌ ദിനപത്രമായ ഡോണിന്റെ ഓണ്‍ലൈനില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.