ജനപ്രിയ നായിക റിമ കല്ലിങ്കല്‍.

മാതൃഭൂമി കല്യാണ്‍സില്‍ക്‌സിലെ ജനപ്രീതി നേടിയ നായികക്കുള്ള ‘ദിവ്യാമൃതം’ ജനപ്രിയ നായികാപുരസ്‌കാരം റിമ കല്ലിങ്കലിന്.
‘ഋതു’ എന്ന ചിത്രത്തിലൂടെ ശ്യാമപ്രസാദാണ് ഈ നായികയെ മലയാളത്തിന് സമ്മാനിച്ചത്. വ്യത്യസ്തമായ അഭിനയശൈലി കൊണ്ട് ഒറ്റ സിനിമയിലൂടെ മലയാളപ്രേക്ഷകരുടെ മനംകവര്‍ന്ന നായികയായി മാറി റിമ കല്ലിങ്കല്‍. തുടര്‍ന്ന് പുറത്തിറങ്ങിയ ‘നീലത്താമര’യില്‍ ഷാരത്തെ അമ്മിണിയായി പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ റിമയുടെ അഭിനയം വളരെ മികവുറ്റതായിരുന്നു.

 

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘സെവന്‍സി’ലും ‘ഇന്ത്യന്‍ റുപി’യിലെയും അഭിനയം ശ്രദ്ധേയമായിരുന്നു. ഇതില്‍ ഇന്ത്യന്‍ റുപിയിലെ ബീന എന്ന കഥാപാത്രം ഇന്നേവരെ കാണാത്ത റിമയുടെ മറ്റൊരു അഭിനയതലമാണ് പ്രേക്ഷകര്‍ക്കു മുമ്പില്‍ എത്തിച്ചത്. ഈ വര്‍ഷം പുറത്തിറങ്ങിയ ‘നിദ്ര’, ‘ഉന്നം’ എന്നീ ചിത്രങ്ങളിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച റിമ പ്രേക്ഷകരുടെ പ്രശംസ പിടിച്ചപറ്റിയിരുന്നു.
’22 ഫീമെയില്‍ കോട്ടയം’ എന്ന ആഷിഖ് അബുവിന്റെ ചിത്രത്തിലെ നായികകഥാപാത്രം ഉള്‍പ്പെടെ ഒരു പിടി ചിത്രങ്ങളിലെ അഭിനയശേഷിയുള്ള കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള അണിയറ ഒരുക്കത്തിലാണ് റിമ ഇപ്പോള്‍.