ജനങ്ങളുടെയും നാടിന്റെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിലാണ് ജനസമ്പര്‍ക്കത്തിന്റെ പ്രസക്തി -മുഖ്യമന്ത്രി

ummanമലപ്പുറം :  ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ക്കും നാടിന്റെ പൊതുവായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ലഭ്യമാക്കുന്നതിലാണ് ജന സമ്പര്‍ക്കത്തിന്റെ പ്രസക്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മലപ്പുറം ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളും ചേര്‍ന്നുകൊണ്ടുള്ള കൂട്ടായ്മയാണ് ജനസമ്പര്‍ക്കം.ഒരോ ജില്ലയിലെയും പ്രധാന പ്രശ്‌നങ്ങള്‍ പ്രദേശത്തെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംസാരിച്ച് മനസിലാക്കിയ ശേഷമാണ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. നടക്കുന്ന കാര്യങ്ങള്‍, നടത്താന്‍ പറ്റുന്ന കാര്യങ്ങള്‍ എന്നിവയും എന്തെങ്കിലും കാര്യത്തില്‍ തടസങ്ങളുണ്ടെങ്കില്‍ അതു ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുക എന്നിവ കൂടിയാണ് ജനസമ്പര്‍ക്കത്തില്‍ നടത്തുന്നത്.
ജനസമ്പര്‍ക്കത്തില്‍ ലഭിക്കുന്ന അപേക്ഷകളില്‍ എടുക്കാന്‍ കഴിയാത്ത തീരുമാനങ്ങളിലാണ് ജനസമ്പര്‍ക്കത്തിന്റെ പ്രസക്തി. ചട്ടങ്ങളിലെ തടസങ്ങള്‍ കാരണം തീരുമാനങ്ങളെടുക്കാന്‍ പറ്റാത്തവയില്‍ ന്യായമായും ചെയ്യേണ്ടതാണെന്ന് ജനപ്രതിനിധികള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ തോന്നുന്ന പക്ഷം നിലവിലെ നിയമമനുസരിച്ച് പറ്റുന്നവയല്ലെങ്കില്‍ പോലും നീതിയുക്തമായ മാറ്റങ്ങള്‍  വരുത്തി തീരുമാനമെടുക്കും. ഇങ്ങിനെ വരുമ്പോള്‍ എങ്ങിനെ അപേക്ഷകളി•േല്‍ വേണ്ടത് ചെയ്തു കൊടുക്കാന്‍ സാധിക്കുമെന്ന നിര്‍ദേശം ഉദ്യോഗസ്ഥര്‍ അയച്ചാല്‍ അതില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും.ഇത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനകരമാകും.
ആദ്യ ജനസമ്പര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ നിയമങ്ങളിലും ചട്ടങ്ങളിലും കുരുങ്ങിക്കിടന്ന അപേക്ഷകളില്‍ നീതിയുക്തമായവ പരിഗണിക്കേണ്ടതു സംബന്ധിച്ച്   ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും  വന്ന  റിപ്പോര്‍ട്ടുകളുടെയടിസ്ഥാനത്തില്‍ ഇത്തരത്തില്‍ 45 തീരുമാനങ്ങളെടുത്ത് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ജന സമ്പര്‍ക്കത്തില്‍ ലഭിക്കുന്ന എല്ലാ പരാതികള്‍ക്കും അനുകൂല തീരുമാനമുണ്ടാക്കുകയെന്നത് അസംഭവ്യമാണ്. എന്നാല്‍ കിട്ടുന്ന ഒരു പരാതി പോലും പരിഗണിക്കപ്പെടാതെ പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ പരാതികളിലും എന്തെങ്കിലും വിധത്തില്‍ പരിഹാരമുണ്ടാക്കാന്‍ പറ്റുമോയെന്ന് പരിശോധിക്കും. അനുകൂല തീരുമാനമെടുക്കാവുന്നവയെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കും.
കാലോചിതമായ മാറ്റങ്ങളാണ് ഉണ്ടാകേണ്ടിയിരിക്കുന്നത്. ജനോപകാരപ്രദമായി  ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ ചട്ടങ്ങളിലും നിയമങ്ങളിലും അവശ്യം വേണ്ട മാറ്റങ്ങള്‍ ഉണ്ടാകണം. അടിസ്ഥാനപരമായി വേണ്ട മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ അതിനു നടപടികള്‍ സ്വീകരിക്കണം. ഇത് സര്‍ക്കാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളും ചേര്‍ന്നുകൊണ്ടുള്ള കൂട്ടായ്മ വഴി മാത്രമേ സാഹചര്യമുണ്ടാകുകയുള്ളുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
    ഉദ്ഘാടന പരിപാടിയില്‍ നഗരകാര്യ – ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷനായി. വ്യവസായ ഐ.ടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ്, ടൂറിസം – പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍, എം.ഐ ഷാനവാസ് എം.പി, എം.എല്‍.എമാരായ പി. ഉബൈദുല്ല, അഡ്വ. എം. ഉമ്മര്‍, കെ.എന്‍.എ. ഖാദര്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, സി. മമ്മുട്ടി, കെ. മുഹമ്മദുണ്ണി ഹാജി, പി.കെ. ബഷീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, മലപ്പുറം നഗരസഭ വൈസ്‌ചെയര്‍പെഴ്‌സണ്‍ കെ.എം. ഗിരിജ, ജില്ലാ കലക്ടര്‍ കെ. ബിജു, സബ് കലക്ടര്‍മാരായ അമിത് മീണ, അദീല അബ്ദുല്ല, അസി. കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, എ.ഡി.എം എം.ടി. ജോസഫ്, സംസ്ഥാന സാമൂഹിക ക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഖമറുന്നിസ അന്‍വര്‍, ഒഡേപെക് ചെയര്‍മാന്‍ കെ.പി. മുഹമ്മദ്കുട്ടി, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.