ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

download (1)റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഛത്തീസ്ഗഡിലെ പാകഞ്ചോര്‍ വനമേഖലയില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്.

നാരായണ്‍പൂര്‍ ജില്ലയിലെ ബേഖാ ഗ്രാമത്തില്‍ 171 ബറ്റാലിയന്‍നിലെ ബിഎസ്എഫ് ജവാന്‍മാരും സിവില്‍ പൊലീസ് സേനയും സംയുക്തമായി നടത്തിയ പ്രത്യേക ദൗത്യത്തിനിടെയായിരുന്നു മാവോയിസ്റ്റ് ആക്രമണം. മാവോവാദികള്‍ വെടിവെയ്ക്കുകയും സൈന്യം തിരിച്ചടിക്കുകയും ചെയ്തു.
പരിക്കേറ്റവരെ ഹെലികോപ്റ്റര്‍ മാര്‍ഗം റായ്പുരിലെത്തിച്ചിട്ടുണ്ട്. മാവോവാദികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. സ്ഥലത്ത് വെടിയൊച്ച നിലച്ചിട്ടില്ലെന്നാണ് വിവരം. കുറച്ചു ദിവസങ്ങളായി മേഖലയില്‍ ബന്ദിന് ആഹ്വാനം ചെയ്തുകൊണ്ട് മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. സൈന്യം വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തുന്നൂവെന്ന് ആരോപിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തത്.