ചൈനാവിരുദ്ദപ്രക്ഷോഭം; ദില്ലിയില്‍ ആത്മാഹുതി സമരം.

ന്യൂഡല്‍ഹി: ചൈനീസ് പ്രസിഡന്റ് ഹൂജിന്‍ഡ നടത്താനിരിക്കുന്ന ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ഒരു ടിബറ്റന്‍ പ്രക്ഷോഭകാരി തീകൊളുത്തി ആത്മാഹുതി നടത്താന്‍ ശ്രമിച്ചു. ഇന്ത്യന്‍ പാര്‍ലിമെന്റിനടുത്തുവെച്ച് ടിബറ്റന്‍ പ്രക്ഷോഭകാരികള്‍ നടത്തിയ റാലിക്കിടെയാണ് സംഭവം. കൂടെയുള്ള സമരക്കാരാണ് കൊടിയുപയോഗിച്ച് തീയണക്കാന്‍ ശ്രമിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ദില്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടുത്തയാഴ്ച ചൈനീസ് പ്രസിഡന്റ് ഇന്ത്യയില്‍ വരുമെന്ന് കരുതുന്നു. ഇതില്‍ പ്രതിഷേധിക്കാനാണ് 600 ഓളം വരുന്ന ടിബറ്റന്‍ പ്രക്ഷോഭകാരികള്‍ മാര്‍ച്ച് നടത്തിയത്.

‘ടിബറ്റ് കത്തുന്നു’ ‘ടിബറ്റ് ചൈനയുടെ ഭാഗമല്ല’ എന്നിങ്ങനെയെഴുതിയ ബാനറുകളും അവര്‍ റാലിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 30 ഓളം ആളുകളാണ് ഇത്തരം ആത്മഹത്യസമരങ്ങളില്‍ മരിച്ചത്.