ചേളാരിയില്‍ വീണ്ടും പാചകവാതക്ഷാമം

തിരൂരങ്ങാടി : ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചേളാരി ഫില്ലിങ് യൂണിറ്റില്‍ പ്രവര്‍ത്തനം വീണ്ടും മുടങ്ങി. ഇതോടെ മലബാര്‍ മേഖലയില്‍ പാചകവാതകക്ഷാമം രൂക്ഷമായിരിക്കുകയാണ്. കയറ്റിറക്ക് വിഭാഗത്തിലെ കരാറുകാരന്‍ കരാര്‍ ഉപേക്ഷിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

ഗോവയിലെ സിസ്റ്റം സെക്യൂരിറ്റി സര്‍വീസിന്റെ കരാര്‍ ഒക്ടോബര്‍ 15 ന് അവസാനിച്ചിരുന്നു. എന്നാല്‍ ഒരു ദിവസത്തെ സ്തംഭനത്തിനുശേഷം ഈ കമ്പനിക്കുതന്നെ മൂന്നുമാസത്തേക്കുകൂടി കരാര്‍ നീട്ടിനല്‍കി. കരാര്‍ നീട്ടിനല്‍കുന്നതോടെ തൊഴിലാളികളുടെ വേതനം സംബന്ധിച്ച തീരുമാനം കൈക്കൊണ്ടില്ല. പുതിയ കരാര്‍ ഉണ്ടാവുന്നതുവരെ ഇടക്കാലാശ്വാസം നല്‍കണമെന്ന തൊഴിലാളികളുടെ ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചില്ല. ഇത് തുടര്‍ദിവസങ്ങളില്‍ കമ്പനിയുടെ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ ഇടയാക്കി.

തുടര്‍ന്ന് ഒരാഴ്ചയോളം നീണ്ടുനിന്ന സ്തംഭനത്തെ തുടര്‍ന്ന് കലക്ടര്‍ എംസി മോഹന്‍ദാസ് പ്രശ്‌നത്തില്‍ ഇടപെടുകയും തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ഇടക്കാലാശ്വാസമായി 5,000 രൂപ നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. കരാറുകാരനോ ഐഒസിയോ ഇടക്കാലാശ്വാസം നല്‍ക്കണമെന്നായിരുന്നു തീരുമാനം. തുടര്‍ന്ന് കമ്പനി പ്രവര്‍ത്തനം പുനരാരംഭിച്ചു. എന്നാല്‍ ഐഒസി ഇടക്കാലാശ്വാസം നല്‍കണമെന്ന നിര്‍ദേശത്തിന് ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങി. ഇതോടെ കരാറുകാരനും പിന്‍വാങ്ങി. ഇതെ തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയായിണിപ്പോള്‍ ഉണ്ടായിരിക്കുന്നത്.