ചെലവു ചുരുക്കല്‍;ഖത്തറില്‍ മന്ത്രിമാരുടെയും വകുപ്പുകളുടെയും എണ്ണം വെട്ടി ചുരുക്കി

Untitled-1ദോഹ: ചെലു ചുരുക്കലിന്റെ ഭാഗമായി ഖത്തര്‍ മന്ത്രിസഭയിലും അഴിച്ചുപണി. മന്ത്രിമാരുടെയും വകുപ്പുകളുടെയും എണ്ണം വെട്ടിച്ചുരുക്കിയാണ്‌ മന്ത്രിസഭ പുഃസംഘടിപ്പിച്ചിരിക്കുന്നത്‌. നാല്‌ മന്ത്രാലയങ്ങള്‍ മറ്റുള്ളവയില്‍ ലയിപ്പിച്ചും ആറു മന്ത്രിമാരെ ഒഴിവാക്കിയുമാണ്‌ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്‌. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചെലവു ചുരുക്കല്‍ നടപടികള്‍ ഭരണ തലത്തിലേക്കും നീളുന്നതായാണ്‌ സൂചന.

ഷെയ്‌ഖ്‌ തമീം ബിന്‍ ഹമദ്‌ അല്‍താനി ചുമതലയേറ്റതിനു ശേഷം നടക്കുന്ന പ്രധാന പുനഃസംഘടനമാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ആഭ്യന്തര മന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ. ഖാലിദ്‌ ബിന്‍ മുഹമ്മദ്‌അല്‍ താനിയെ തല്‍സ്ഥാനത്തു നിന്നു നീക്കി ശൈഖ്‌ മുഹമ്മദ്‌ ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയെ പകരം നിയമിച്ചതാണ്‌ പുനഃസംഘാടനത്തില്‍ ഏറ്റവും ശ്രദ്ധേയം. അറബ്‌ മേഖല ആകാംഷയോടെ ഉറ്റു നോക്കിയിരിക്കുന്ന ഖത്തറിന്റെ വിദേശ നയം ഇനിമുതല്‍ ഈ മുപ്പത്തിയാറുകാരനായ ഷെയ്‌ഖ്‌ മുഹമ്മദായിരിക്കും കൈകാര്യം ചെയ്യുക. 2014 മുതതല്‍ ഇദേഹം രാജ്യാന്തര സഹകരണ കാര്യ സഹമന്ത്രിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഖാലിദ്‌ അല്‍ അതിയ്യയെ പ്രതിരോധ മന്ത്രിയായി നിയമിച്ചു. ആരോഹ്യമന്ത്രി അബ്ദുല്ല ബിന്‍ഖാലിദ്‌ അല്‍കഹ്‌ത്താനിയെ മാറ്റി ഹമദ്‌ മെഡിക്കല്‍ കോര്‍പ്പറേഷന്റെ മാനേജിങ്‌ ഡയറക്ടറായിരുന്ന ഡോ.ഹനാന്‍ അല്‍ഖുവാരിയെ പ്രഥമ വനിതാ മന്ത്രിയായി നിയമിച്ചതാണ്‌ ശ്രദ്ധേയമായ മറ്റൊരു പരിഷ്‌കരണം. സാംസ്‌ക്കാരിക കലാ പൈതൃക മന്ത്രാലയം യുവജന ക്ഷേമ കായിക മന്ത്രാലയത്തിലും നഗര സഭ മന്ത്രാലയവും നഗരാസൂത്രണ മന്ത്രാലയവും ലയിപ്പിച്ച്‌ നഗരസഭാ-പരിസ്ഥിതി മന്ത്രാലയവും രൂപീകരിച്ചു. ഗതാഗത വകുപ്പും വാര്‍ത്താ വിനിമയ വിവര സാങ്കേതിക വകുപ്പും ഇനി ഒരു വകുപ്പായി പ്രവര്‍ത്തിക്കും. തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയവും അഡ്‌മിനിസ്റ്റേറ്റ്‌ മന്ത്രാലയവും ഒരു വകുപ്പിന്‌ കീഴില്‍ വരും. ഇതോടെ നിലവിലുള്ള 18 മന്ത്രാലയങ്ങളുടെ എണ്ണം 14 ായി കുറയും. പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രിയും ഉള്‍പെടെ 20 പേരുണ്ടായിരുന്ന മന്ത്രിസഭയില്‍ ഇനി 16 പേര്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക.

വെട്ടിച്ചുരുക്കലിനെ തുടര്‍ന്ന്‌ നാലു മന്ത്രാലയങ്ങള്‍ കൂടി ഇല്ലാതാകുന്നതോടെ ഈ വകുപ്പുകള്‍ക്ക്‌ കീഴില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക്‌ ജോലി നഷ്ടമായേക്കുമെന്ന ആശങ്കയും നില നില്‍കുന്നുണ്ട്‌.