ചെറിയാന്‍ ഫിലിപ്പ്‌ മാപ്പ്‌ പറയണം;ഉമ്മന്‍ ചാണ്ടി

Story dated:Monday October 19th, 2015,12 48:pm

കാസര്‍കോഡ്‌: ഫേസ്‌ബുക്കില്‍ വിവാദ പോസ്‌റ്റിട്ട ചെറിയാന്‍ ഫിലിപ്പ്‌ മാപ്പ്‌ പറയണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്‌താവന നിര്‍ഭാഗ്യകരവും വേദനാജനകവുമാണെന്നും പ്രസ്‌താവനയെ കോടിയേരി ബാലകൃഷ്‌ണന്‍ ന്യായീകരിച്ചത്‌ ശരിയായില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

യൂത്ത്‌ കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ ഒരു സമര മാര്‍ഗമാണ്‌ ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട്‌ കോണ്‍ഗ്രസില്‍ സീറ്റ്‌ കിട്ടിയിട്ടുണ്ട്‌ എന്നാണ്‌ അദേഹത്തിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സീറ്റ്‌ നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ തൃശൂരില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഷര്‍ട്ടഴിച്ച്‌ പ്രകടനം നടത്തിയിരുന്നു. ഈ കാര്യമാണ്‌ പോസ്‌റ്റിന്റെ ആദ്യഭാഗത്ത്‌ അദേഹം സൂചിപ്പിച്ചത്‌.

ചെയറിയാന്‍ ഫിലിപ്പിന്റെ പ്രസ്‌താവന സംസ്‌ക്കാര ശൂന്യമായിപ്പോയെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്ചുതാനന്ദന്‍ വിമര്‍ശിച്ചപ്പോള്‍. ചെറിയാന്‍ ഫിലിപ്പ്‌ സ്‌ത്രീവിരോധിയാണെന്ന്‌ തനിക്കറിയില്ലെന്നായിരുന്നു കോടിയേരി ബാലകൃഷ്‌ണന്റെ പ്രസ്‌താവന.

ചെറിയാന്‍ ഫിലിപ്പിനെതിരെ പ്രതിഷേധവുമായി ബിന്ദു കൃഷ്‌ണ, ഷാനിമോള്‍ ഉസ്‌മാന്‍ തുടങ്ങി പ്രമുഖ വനിതാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്‌.