ചെമ്മാട്ടെ ഗതാഗതകുരുക്കഴിക്കാന്‍ ഉടന്‍ നടപടി

തിരൂരങ്ങാടി : ചെമ്മാട്ടങ്ങാടിയിലെ ഗതാഗതക്കുരുക്കഴിക്കാന്‍ ഉന്നതാധികാര നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

പരിഷ്‌ക്കാരത്തിന്റെ ഭാഗമായി മമ്പുറത്തെ വണ്‍വേ സമ്പ്രദായം കര്‍ശനമാക്കും. സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഒമ്പതുമണിവരെയാക്കും. പരപ്പനങ്ങാടിയിലേക്ക് നേരിട്ട് പോകുന്ന വാഹനങ്ങള്‍ വെഞ്ചാലി പതിനാറുങ്ങല്‍ വഴി തിരിച്ചുവിടും. കൂടാതെ പാര്‍ക്കിങ്ങിനായി കൂടുതല്‍ സ്ഥലം കണ്ടെത്തും. ഇവ നടപ്പിലാക്കാനായി എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ബൈക്കുകളുടെ പാര്‍ക്കിങ്ങിനായി പ്രത്യേക സ്ഥലം ഇവര്‍ കണ്ടെത്തും. പുതിയ പരിഷ്‌കാരങ്ങള്‍ പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കാനാണ് തീരുമാനം.

താലൂക്ക് ഓഫില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ തഹസില്‍ദാര്‍ പി. സുരേന്ദ്രന്‍, സിഐ എ ഉമേഷ്, എസ്‌ഐ എ സുനില്‍, എംവിഐ അബ്ദുള്‍ സുബൈര്‍, പഞ്ചായത്ത് പ്രസിഡന്റ് വി പി അഹമ്മദ്കുട്ടി ഹാജി എന്നിവര്‍ക്ക് പുറമെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു.