ചെക്ക്‌ പോസ്റ്റുകളില്‍ 24 മണിക്കൂര്‍ പരിശോധന കര്‍ശനമാക്കും- ജില്ലാകലക്‌ടര്‍

Story dated:Monday May 2nd, 2016,06 27:pm
sameeksha sameeksha

check postനിയസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പ്‌ വരുത്തുന്നതിനും ആയുധങ്ങള്‍, വ്യാജമദ്യം, മറ്റ്‌ ലഹരി വസ്‌തുക്കള്‍ എന്നിവയുടെ കടത്ത്‌ തടയുന്നതിനുമായി ജില്ലയിലെ ചെക്ക്‌ പോസ്റ്റുകളില്‍ 24 മണിക്കൂര്‍ പരിശോധന കര്‍ശനമാക്കുമെന്ന്‌ ജില്ലാകലക്‌ടര്‍ എസ്‌. വെങ്കടേസപതി അറിയിച്ചു. ഫ്‌ളയിങ്‌ സ്‌ക്വാഡ്‌, സ്റ്റാറ്റിക്‌ സര്‍വെലന്‍സ്‌ ടീം, വീഡിയോ സര്‍വെലന്‍സ്‌ ടീം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കലക്‌ടറേറ്റ്‌ സമ്മേളനഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്‌ടര്‍.
തെരഞ്ഞെടുപ്പ്‌ അടുത്തതിനാല്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിന്‌ ചെലവ്‌ നോഡല്‍ ഓഫീസര്‍ കൂടിയായ ഫിനാന്‍സ്‌ ഓഫീസര്‍ ടി.കൃഷ്‌ണന്‍ ടീം അംഗങ്ങള്‍ക്ക്‌ നിര്‍ദേശങ്ങള്‍ നല്‍കി. അതത്‌ മണ്‌ഡലങ്ങളിലെ റിട്ടേണിങ്‌ ഓഫീസര്‍മാര്‍, അസിസ്റ്റന്റ്‌ റിട്ടേണിങ്‌ ഓഫീസര്‍മാര്‍ എന്നിവരുടെ നിര്‍ദേശ പ്രകാരമാണ്‌ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുക. സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാകലക്‌ടര്‍ മണ്‌ഡലങ്ങളില്‍ പരിശോധന നടത്തും. വാഹന പരിശോധന നടത്തുമ്പോള്‍ വനിതകളെ പരിശോധിക്കുന്നതിന്‌ വനിതാ ഓഫീസര്‍മാരുണ്ടാകും. യോഗത്തില്‍ തിരൂര്‍ സബകലക്‌ടര്‍ അദീല അബ്‌ദുള്ള, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്‌ടര്‍ കെ.വി. സജന്‍, അസി. നോഡല്‍ ഓഫീസര്‍ എ.സി.ഉബൈദുള്ള എന്നിവര്‍ പങ്കെടുത്തു.