ചാലിയാറില്‍ രണ്ട്‌ യുവാക്കള്‍ മുങ്ങി മരിച്ചു;ഒരാളെ കാണാതായി

Untitled-1 copyഫറോക്ക്‌: ചാലിയാര്‍ പുഴയില്‍ കര്‍ണാടക സ്വദേശികളായ രണ്ടു മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു. ഒരാളെ കാണാതായി. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ഷഗ്‌ളേപുരക്കടുത്ത്‌ ഉള്ളല്ലി സ്വദേശികളായ നവീദ്‌(35), അസീസ്‌ (27) എന്നിവരാണ്‌ മരണപ്പെട്ടത്‌. ഒഴുക്കില്‍പ്പെട്ട്‌ കാണാതായ മൊയ്‌തീന്‍(32)നായി രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കുടുംബവീട്ടില്‍ പോയി മടങ്ങുന്ന വഴി ഭക്ഷണം പാകം ചെയ്യാനായി ചാലിയാറിന്റെ തീരത്ത്‌ ഇറങ്ങിയതായിരുന്നു. കളിക്കുന്നതിനിടെ കുട്ടികളുടെ കൈയില്‍ നിന്നും പുഴയില്‍ വീണ പന്തെടുക്കുന്നതിനിടയില്‍ മൊയ്‌തീന്‍ മുങ്ങിത്താഴുകയായിരുന്നു. ഇതുകണ്ട്‌ നവീദും അസീസും പുഴയിലേക്ക്‌ ചാടുകയായിരുന്നു. അസീസിന്റെ മൃതദേഹം രാത്രി 8 മണിയോടെയാണ്‌ കണ്ടെത്തിയത്‌. തിങ്കളാഴ്‌ച പകല്‍ 12.35 ഓടെയാണ്‌ അപകടം നടന്നത്‌.

കര്‍ണാടകയില്‍ നിന്ന്‌ മൂന്ന്‌ ദിവസം മുമ്പ്‌ മഞ്ചേരി പയ്യനാട്ടെ ബന്ധുവീട്ടിലെത്തി 18 അംഗ സംഘം കാസര്‍ക്കോട്ടെ ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടയിലാണ്‌ അപകടം സംഭവിച്ചത്‌.

കാണാതായ മൊയ്‌തീനുവേണ്ടി തീരദേശ പോലീസിന്റെ രണ്ട്‌ ബോട്ടും മറ്റു വള്ളങ്ങളുമുപയോഗിച്ച്‌ പോലീസും ഫയര്‍ഫോഴ്‌സും രാത്രി ഏറെ വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

നവീദ്‌ ഷഗ്‌ളേപുരയില്‍ ഫാന്‍സികട നടത്തുകയാണ്‌. ഉപ്പ: ഷാജഹാന്‍സാബു. ഉമ്മ:റഷീദ. മക്കള്‍: അബ്‌സിന്‍,ഫാര്‍മാന്‍.

ടൈല്‍സ്‌ പണിക്കാരനായ അസീസ്‌ അബ്ദുളള-ആിശ ദമ്പതിമാരുടെ മകനാണ്‌.

മൊയ്‌തീന്‍ മുഹമ്മദ്‌-സുലൈഖ ദമ്പതികളുടെ മകനാണ്‌. ചെന്നൈ മിലിട്ടറില്‍ ജോലി ചെയ്‌തു വരികയായിരുന്നു. അവധിക്ക്‌ നാട്ടിലെത്തിയതായിരുന്നു. ഭാര്യ: സീനത്ത്‌. മകള്‍: നിഷ ഫാത്തിമ.