ചരിത്രം ഫോട്ടോഗ്രാഫുകളിലൂടെ സൂക്ഷിക്കണം: കെ. വേണു

inaguration-2നിലമ്പൂര്‍: ചരിത്രം ഫോട്ടോഗ്രാഫുകളിലൂടെ സൂക്ഷിക്കണമെന്നും വരും തലമുറയോട്‌ ചിത്രങ്ങളിലൂടെ സംസാരിക്കാന്‍ കഴിയണമെന്നും സംവിധായകനും ഛായഗ്രാഹകനുമായ കെ. വേണു പറഞ്ഞു. നിലമ്പൂര്‍ നഗരസഭയും വനം വകുപ്പും ബിയോണ്ട്‌ ദി ഫ്യൂസ്‌ ഓഫ്‌ മലബാറും സംയുക്തമായി നടത്തുന്ന ‘ആരണ്യക്‌’ നാഷണല്‍ ഫോട്ടോഗ്രാഫേസ്‌്‌ മീറ്റ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റില്‍ ഫോട്ടോഗ്രാഫിക്കുളള കരുത്ത്‌ സിനിമയ്‌ക്കുണ്ടെന്ന്‌ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡി.എഫ്‌.ഒ. ബംഗ്ലാവ്‌ പരിസരത്തെ ചാലിയാര്‍ റിവര്‍ വ്യൂവില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്‌ അധ്യക്ഷനായി. ശില്‍പശാല, ഫോട്ടോ എക്‌സിബിഷന്‍, ഫൊട്ടോഗ്രാഫി വനയാത്ര എന്നിവയടങ്ങിയ മൂന്ന്‌ ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ 40 ഫോട്ടോഗ്രാഫര്‍മാരാണ്‌ പങ്കെടുക്കുന്നത്‌. നിലമ്പൂര്‍ നോര്‍ത്ത്‌ ഡി.എഫ്‌.ഒ. സുനില്‍ കുമാര്‍, നഗരസഭ വൈസ്‌ ചെയര്‍ പേഴ്‌സണ്‍ മുംതാസ്‌ ബാബു, പ്രമോദ്‌ പരപ്പനാടി, സുധീര്‍ ഊരാളത്ത്‌, സതീഷ്‌ ചളിപ്പാടം, ശശി മങ്കട, പ്രമോദ്‌, പാലൊളി മെഹബൂബ്‌, അജയ്‌ സാഗ, വാളപ്ര ബാപ്പു തുടയങ്ങിവര്‍ പങ്കെടുത്തു.
തുടര്‍ന്ന്‌ ന്യൂസ്‌ ഫോട്ടോഗ്രാഫര്‍ പി.മുസ്‌തഫ ഫൊട്ടോഗ്രാഫിയെ കുറിച്ച്‌ ക്ലാസെടുത്തു. വൈല്‍ഡ്‌ ലൈഫ്‌ ഫോട്ടോഗ്രാഫര്‍ ജയറാം പ്രശസ്‌തത വനിതാ ഫോട്ടോഗ്രാഫര്‍ സീമ സുരേഷ്‌ എന്നിവരുടെ ക്ലാസും തുടര്‍ന്നുളള ദിവസങ്ങളിലുണ്ടാകും. നിലമ്പൂരിന്റെ ജീവിതം കാട്‌, ദേശം, ജീവിതം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി ക്യാംപില്‍ പങ്കെടുക്കുന്നവര്‍ പകര്‍ത്തും. ഇവ നിലമ്പൂര്‍ നഗരസഭ സൂക്ഷിക്കും.