ചന്ദ്രബോസ്‌ വധക്കേസ്‌; നിസാമിന്‌ ജീവപര്യന്തം

mohammed-nishamതൃശൂര്‍: ചന്ദ്രബോസ്‌ വധക്കേസില്‍ പ്രതി നിസാമിന്‌ ജീവപര്യന്തവും 24 വര്‍ഷം തടവും. 80,30,000 രൂപ പിഴയും വിധിച്ചു. ഇതില്‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക്‌ നല്‍കണം. ഉച്ചയ്‌ക്ക്‌ 12.50 ഓടെ തൃശൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതിയാണ്‌ ശിക്ഷ വിധിച്ചത്‌. കൂടാതെ കള്ളസാക്ഷി പറഞ്ഞതായി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ നിസാമിന്റെ ഭാര്യ അമലിന്‌ നെതിരെ കേസ്‌ എടുക്കാന്‍ കോടതി നിര്‍ദേശിച്ചു. കൊലക്കുറ്റത്തിന്‌ ജീവപര്യന്തവും മറ്റ്‌ കുറ്റങ്ങള്‍ എല്ലാത്തിനുംകൂടി 24 വര്‍ഷവുമാണ്‌ ശിക്ഷ വിധിച്ചത്‌.

അതെസമയം വിധിയില്‍ തങ്ങള്‍ക്ക്‌ തൃപ്‌തിയില്ലെന്ന്‌ കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ ഭാര്യ ജമന്തി പറഞ്ഞു. ശിക്ഷ കുറഞ്ഞുപോയതായും അവര്‍ പറഞ്ഞു. ചന്ദ്രബോസ്‌ വധക്കേസില്‍ കൊലപാതകം അടക്കം പ്രോസിക്യൂഷന്‍ ഉന്നയിച്ച ഒമ്പത്‌ വകുപ്പുകള്‍ നിലനില്‍ക്കുന്നതെന്ന്‌ കോടതി കണ്ടെത്തിയിരുന്നു. ഐപിസി 302,326, 324 എന്നീ വകുപ്പുകള്‍ പ്രകാരം വധശിക്ഷയോ ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ സംശയാതീതമായി തെളിഞ്ഞു.
സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമായതിനാല്‍ പരമവധി ശിക്ഷയായ വധസിക്ഷ നല്‍കണമെന്നാണ്‌ പ്രോസിക്യൂഷന്‍ വാദിച്ചത്‌. ഈ വാദത്തെ സാധൂകരിക്കുന്നതിനായി സുപ്രീം കോടതിയുടെ പന്ത്രണ്ട്‌ മുന്‍കാല വിധിന്യായങ്ങളും കോടതിയില്‍ നിരത്തി. എന്നാല്‍ അത്യപൂര്‍വ്വമായ കേസായി പരിഗണിക്കരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ നിലപാട്‌. വധശിക്ഷ ലഭിക്കാവുന്ന കുറ്റമായി കണക്കാക്കാനാവില്ലെന്നും അവര്‍ വാദിച്ചു.