ചന്ദ്രബോസ്‌ വധം: മുഹമ്മദ്‌ നിഷാം കുറ്റക്കാരനെന്ന്‌ കോടതി

mohammed-nishamതൃശൂര്‍: ചന്ദ്രബോസ്‌ വധക്കേസില്‍ നിഷാം കുറ്റക്കാരനെന്ന്‌ കോടതി. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ്‌ കോടതിയുടെതാണ്‌ വിധി. ഒന്‍പതുവകുപ്പുകള്‍ പ്രകാരമാണ്‌ ശിക്ഷചുമത്തിയിട്ടുള്ളത്‌. ശിക്ഷ നാളെ വിധിക്കും. മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന്‌ ചന്ദ്രബോസിനെ നിഷാം കാറിടിച്ച്‌ കൊലപ്പെടുത്തിയെന്നാണ്‌ പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ ചന്ദ്രബോസിന്റേത്‌ അപകടമരണമാണെന്ന വാദമായിരുന്നു എന്നാണ്‌ പ്രതിഭാഗം വാദിച്ചത്‌.

കഴിഞ്ഞ വര്‍ഷം ജനുവരി 29 നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്‌. അന്ന്‌ പുലര്‍ച്ചെയായിരുന്നു ശോഭാസിറ്റിയിലേക്ക്‌ ഇരച്ചെത്തിയ മുഹമ്മദ്‌ നിഷാമിന്റെ ഹമ്മര്‍ കാര്‍ ചന്ദ്രബോസിനെ ഇടിച്ചിട്ടത്‌. അരിശം തീരാതെ നിഷാം ചന്ദ്രബോസിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചന്ദ്രബോസ്‌ ഫെബ്രുവരി 16 മരണപ്പെട്ടു.

നിഷാം ചന്ദ്രബോസിനെ കാറുകൊണ്ടിടിക്കുക.യും ആക്രമിക്കുകയും ചെയതതിന്‌ ദൃക്‌സാക്ഷി മൊഴികളും, സാഹചര്യ ശാസ്‌ത്രീയ തെളിവുകളുമുണ്ടെന്നാണ്‌ പ്രോസിക്യൂഷന്‍ വാദം. സാക്ഷിമൊഴികളുടെയും ശാസ്‌ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രതിക്ക്‌ പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു വാദം ഉപസംഹരിച്ച്‌ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.സി.പി ഉദയഭാനു ആവശ്യപ്പെട്ടത്‌. എന്നാല്‍ പരുക്ക്‌ പറ്റിയ ചന്ദ്രബോസിന്റെ മരണം ചികിത്സാപ്പിഴവുമൂലമാണെന്നും ചികിത്സിച്ച ഡോക്ടര്‍മാരെയാണ്‌ പ്രതികളാക്കേണ്ടതെന്നുമായിരുന്നു പ്രതിഭഗം അഭിഭാഷകന്‍ അഡ്വ.കെ രാമന്‍പിള്ളയുടെ അന്തിമവാദം.