‘ഗോഡ്ഫാദർ’ പരാമർശം:ഇ.എസ്. ബിജിമോളെ തരംതാഴ്ത്തി

bijimolതിരുവനന്തപുരം:  ‘ഗോഡ്ഫാദർ’ പരാമർശത്തിന്‍റെ പേരിൽ പീരുമേട് എം.എല്‍.എ ഇ.എസ്. ബിജിമോള്‍ക്കെതിരെ സി.പി.ഐ അച്ചടക്കനടപടി. ബിജിമോളെ സംസ്ഥാന എക്സിക്യൂട്ടിവ് അംഗത്തിൽ നിന്ന് ഇടുക്കി ജില്ലാ കൗണ്‍സിലിലേക്ക് പാർട്ടി തരംതാഴ്ത്തി. ആലപ്പുഴയില്‍  ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേർന്ന സംസ്ഥാന കൗണ്‍സിൽ യോഗമാണ് നിര്‍വാഹകസമിതിയുടെ ശിപാര്‍ശ ശരിവെച്ചത്.

തനിക്ക് ‘ഗോഡ്ഫാദര്‍മാ’രില്ലാത്തതു കൊണ്ടാണ് മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതെന്ന് ഇ.എസ്. ബിജിമോള്‍ ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതാണ് നടപടിക്ക് കാരണം. ഈ പരാമര്‍ശം പാര്‍ട്ടിയെ അവഹേളിക്കുന്നതാണെന്ന് വിമര്‍ശമുയര്‍ന്നിരുന്നു. തുടര്‍ന്ന് ബിജിമോളോട് പാർട്ടി വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍, തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നായിരുന്നു എം.എല്‍.എയുടെ മറുപടി. തൃപ്തികരമല്ലെന്നതിനാല്‍ ബിജിമോളുടെ വിശദീകരണം തള്ളാന്‍ എക്സിക്യൂട്ടിവ് നേരത്തെ തീരുമാനിച്ചിരുന്നു.

ഇതേതുടര്‍ന്നാണ് നിര്‍വാഹകസമിതി നടപടിക്ക് ശിപാര്‍ശ ചെയ്തത്. വിവാദ അഭിമുഖം വന്നപ്പോള്‍തന്നെ പാര്‍ട്ടി ഇടുക്കി ജില്ലാ കൗണ്‍സില്‍ ബിജിമോളോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍, സംസ്ഥാന കമ്മിറ്റി അംഗമായതിനാല്‍ അത് പിന്നീട് പിന്‍വലിച്ചു. തുടര്‍ന്നാണ് സംസ്ഥാന എക്സിക്യൂട്ടിവ് വിശദീകരണം ചോദിച്ചത്.