ഗേറ്റ്‌ വേ ഓഫ്‌ നിലമ്പൂര്‍ ഒന്നാം ഘട്ട സമര്‍പ്പണം

Gateway of Nilambur-2നിലമ്പൂരിനെ ദക്ഷിണേന്ത്യയിലെ പ്രധാന ടൂറിസം കവാടമാക്കി മാറ്റുന്ന ഗേറ്റ്‌ വേ ഓഫ്‌ നിലമ്പൂര്‍ ഒന്നാം ഘട്ട സമര്‍പ്പണവും രണ്ടാംഘട്ട പ്രവൃത്തി ഉദ്‌ഘാടനവും ഓഗസ്റ്റ്‌ 16ന്‌ വൈകീട്ട്‌ മൂന്നരക്ക്‌ വടപുറം പാലത്തിനു സമീപം ടൂറിസം വകുപ്പ്‌ മന്ത്രി എ.പി അനില്‍കുമാര്‍ നിര്‍വഹിക്കും. വൈദ്യുതി വകുപ്പ്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ അധ്യക്ഷനാകും. പി.വി അബ്ദുല്‍വഹാബ്‌ എം.പി മുഖ്യാതിഥിയാകും. ജില്ലാ കലക്ടര്‍ ടി. ഭാസ്‌ക്കരന്‍, നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്‌ തുടങ്ങിയവര്‍ പങ്കെടുക്കും.

കേരളത്തില്‍ നിന്ന്‌ തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന കവാടമായി നിലമ്പൂരിനെ മാറ്റുന്നതാണ്‌ പദ്ധതി. ഒന്നാം ഘട്ടമായി ഒരു കോടി ചെലവിട്ട്‌ നിലമ്പൂരിന്റെ പ്രവേശന കവാടത്തില്‍ ടൈലുകള്‍ പാകി മനോഹരമാക്കി. നടപ്പാതയും വിശ്രമ സ്ഥലും ഒരുക്കിയിട്ടുണ്ട്‌. സഞ്ചാരികള്‍ക്ക്‌ ലഘുഭക്ഷണം നല്‍കാന്‍ കുംടുംബശ്രീയുടെ നേതൃത്വത്തില്‍ രണ്ടു കഫ്‌റ്റീരിയയും സജ്ജമായിക്കഴിഞ്ഞു. കോഴിക്കോട്‌ നിലമ്പൂര്‍ ഗൂഢല്ലൂര്‍ റോഡിലൂടെ നിലമ്പൂര്‍ വഴി ഊട്ടി, മൈസൂര്‍ എന്നിവിടങ്ങളിലേക്കുള്ള വിനേദ സഞ്ചാരികള്‍ക്ക്‌ നിലമ്പൂരിന്റെ പ്രവേശന കവാടം വിശ്രമ കേന്ദ്രമായി മാറും.

രണ്ടാം ഘട്ടമായി ഈസ്റ്റേണ്‍ കോറിഡോര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പ്‌ ഒരു കോടിയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ആസ്‌തിവികസന ഫണ്ടില്‍ നിന്ന്‌ 80 ലക്ഷവും ഉള്‍പ്പെടെ 1.80 കോടിയുടെ പ്രവൃത്തിയാണ്‌ ആരംഭിക്കുന്നത്‌. സഞ്ചാരികള്‍ക്ക്‌ നിലമ്പൂരിന്റെ പ്രവേശന കവാടത്തില്‍ തന്നെ 90 സെന്റ്‌ സ്ഥലത്ത്‌ രണ്ടു നിലകളുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററും വിശ്രമ കേന്ദ്രവുമാണ്‌ ഒരുക്കുന്നത്‌. ആദിവാസി കലകള്‍ അടക്കമുള്ള നിലമ്പൂരിന്റെ തനതു കലാരൂപങ്ങള്‍ സഞ്ചാരികള്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കാന്‍ 500 പേര്‍ക്കിരിക്കാവുന്ന ആംഫി തിയറ്റര്‍, കംഫര്‍ട്ട്‌ സ്റ്റേഷന്‍, വിശ്രമമുറി, റസ്റ്ററന്റ്‌, കുട്ടികള്‍ക്ക്‌ കളിക്കാനുള്ള മിനി പാര്‍ക്ക്‌, നിലമ്പൂരിലെ വനവിഭവങ്ങളും ഉല്‍പന്നങ്ങളും വില്‍ക്കുന്ന കടകള്‍, സുവനീര്‍ ഷോപ്പുകള്‍ എന്നിവ ഒരുക്കും.

നിലമ്പൂരിലെ മലനിരകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക്‌ ട്രക്കിങിന്‌ ആവശ്യമായ ഉപകരണങ്ങളും പ്രകൃതി സൗഹൃദമായി നിലമ്പൂര്‍ കണ്ടറിയാന്‍ സൈക്കിളുകളും നല്‍കും. സഞ്ചാരികള്‍ക്ക്‌ സൈക്കിള്‍ സവാരിക്കായി നിലമ്പൂരിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി സൈക്കിള്‍ പോയിന്റുകള്‍ ഉണ്ടാകും. ഒരു സ്ഥലത്തു നിന്നും മറ്റൊരു കേന്ദ്രത്തിലെത്തി അവിടെ സൈക്കിള്‍ തിരിച്ചു നല്‍കാവുന്ന ക്രമീകരണങ്ങളും സജീകരിക്കും. ഡി.ടി.പി.സി.യുടെ മേല്‍നോട്ടത്തില്‍ സംസ്ഥാന നിര്‍മിതി കേന്ദ്രത്തിനാണ്‌ കരാര്‍ നല്‍കിയിട്ടുള്ളത്‌.