ഗുജറാത്ത് അസംബ്ലിക്കുള്ളിലും നീലചിത്രവിവാദം.

ഗുജറാത്ത്: കര്‍ണ്ണാടകയ്ക്കു പിന്നാലെ ഗുജറാത്തിലെ അസംബ്ലിയിലും നീലചിത്രം കണ്ടു എന്ന വിവാദം മുറുകുന്നു. ഗുജറാത്തിലെ ബിജെപി എംഎല്‍എമാര്‍ ഒരു ടാബ് ലറ്റ് കമ്പ്യൂട്ടറില്‍ ‘പോണ്‍സൈറ്റ്’ ദൃശ്യങ്ങള്‍ കാണുന്നതിന്റെ മൊബൈല്‍ ക്ലിപ്പിംഗുകളാണ് പുറത്ത് വന്നത്. അസംബ്ലി നടപടികള്‍ നടക്കുന്നതിനിടയിലാണ് എംഎല്‍എമാരായ ശങ്കര്‍ഭായി ലഗാധിര്‍ബായി ചൗധരിയും ജതബായി ബര്‍വാഡും കമ്പ്യൂട്ടറില്‍ ദൃശ്യങ്ങള്‍ കണ്ടതെന്നാണ് ആരോപണം.
ഗുജറാത്തിലെ പ്രാദേശിക പത്രലേഖകരാണ് ദൃശ്യം പകര്‍ത്തിയത്.
എന്നാല്‍ രണ്ട് എംഎല്‍എമാരും ഇത് നിഷേധിക്കുകയുണ്ടായി. അടിസ്ഥാനരഹിതമായതും തെറ്റായതുമായ ആരോപണമാണെന്നും അസംബ്ലി നടപടികള്‍ റെക്കോര്‍ഡ് ചെയ്തിട്ടുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും അവര്‍ വെല്ലുവിളിച്ചു. പ്രതിപക്ഷം രാഷ്ട്രീയമായി ഞങ്ങളെ ടാര്‍ജറ്റ് ചെയ്യുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

കുറച്ച് നാള്‍ മുമ്പ് കര്‍ണ്ണാടകയിലുണ്ടായ സമാന സംഭവത്തില്‍ എംഎല്‍എമാര്‍ക്ക് അവസാനം രാജിവെക്കേണ്ടി വന്നിരുന്നു.