ഗിരീഷ്‌ കര്‍ണാടിന്‌ നേരെ വധഭീഷണി

Girish-Karnadബംഗലൂരു: കന്നഡ സാഹിത്യകാരനും നടനും സിനിമാപ്രവര്‍ത്തകനുമായ ഗിരീഷ്‌ കര്‍ണാടിന്‌ നേരെ വധഭീഷണി. കല്‍ബുര്‍ഗിക്ക്‌ ഉണ്ടായ സമാനമായ അനുഭവമായിരിക്കും ഉണ്ടാവുകയെന്ന്‌ ഭീഷണി സന്ദേശത്തില്‍ പറയുന്നുണ്ട്‌. ടിപ്പുസുല്‍ത്താനുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസം നടത്തിയ വിവാദ പ്രസ്‌താവനയ്‌ക്ക്‌ പിന്നാലെയാണ്‌ ഗീരീഷ്‌ കര്‍ണാടിന്‌ നേരെയും ഭീഷണിയുണ്ടായത്‌. ഈ പ്രസ്‌താവനയില്‍ ഗിരീഷ്‌ പിന്നീട്‌ മാപ്പു പറഞ്ഞിരുന്നു.

ബംഗലൂരുവിന്റെ ശില്‍പ്പി എന്നറിയപ്പെടുന്ന കെമ്പഗൗഡയേക്കാള്‍ മികച്ച സംഭാവന നല്‍കിയത്‌ ടിപ്പുസുല്‍ത്താനാണെന്നും ബംഗലൂരു വിമാനത്താവളത്തിന്‌ ടിപ്പുവിന്റെ പേര്‌ ഇടണമെന്നും കഴിഞ്ഞ ദിവസം ഗിരീഷ്‌ കര്‍ണാട്‌ പറഞ്ഞിരുന്നു. അതി്‌നെതിരെയും വ്യാപക പ്രതിഷേധം നടന്നു. തുടര്‍ന്ന്‌ ഗിരീഷ്‌ കര്‍ണാട്‌ ഖേദം പ്രകടിപ്പിച്ചു. ഇതിനു ശേഷമാണ്‌ ട്വിറ്ററിലൂടെ ഭീഷണി വന്നിരിക്കുന്നത്‌. സംഭവത്തില്‍ ബംഗലൂരു പോലീസ്‌ അന്വേഷണം ആരംഭിച്ചു.

ഗിരീഷ്‌ കര്‍ണാടിന്റെ പ്രസ്‌താവന ഹിന്ദുവിന്റെയും വൊക്കലിംഗ സമുദായത്തിന്റെയും വികാരം വ്രണപ്പെടുത്തിയെന്ന്‌ ആരോപിച്ച്‌ ബിജെപി, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ രംഗത്ത്‌ വരികയും ഗിരീഷിനെതിരെ പോലീസില്‍ പരാതിപെടുകയും ചെയ്‌തിരുന്നു.

സംസ്ഥാന സര്‍ക്കാറിന്റെ ടിപ്പു ജയന്തി ആഘോഷത്തിലായിരുന്നു ഗിരീഷ്‌ കര്‍ണാട്‌ വിവാദ പ്രസ്‌താവന നടത്തിയത്‌. ആഘോഷത്തിനെതിരെ സംസ്ഥാനത്ത്‌ ഉടനീളം വലിയ പ്രതിഷേധമാണ്‌ നടന്നത്‌. പ്രതിഷേധത്തിനിടിയില്‍ മടിക്കേരിയില്‍ ഒരു യുവാവ്‌ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു.