ഗാര്‍ഹിക ആവശ്യത്തിന് കുഴല്‍കിണല്‍: മുന്‍കൂര്‍ അനുമതി ആവശ്യമില്ല

മലപ്പുറം: കേരള ഭൂജല അതോറിറ്റി (നിയന്ത്രണവും ക്രമീകരണവും) 2002 – ആക്റ്റ് പ്രകാരം ജില്ലയിലെ മുഴുവന്‍ ബ്ലോക്കുകളും വിജ്ഞാപനം ചെയ്യപ്പെടാത്ത പ്രദേശമായതിനാല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് വീട്ടു പറമ്പില്‍ കുഴല്‍കിണര്‍ നിര്‍മിക്കുന്നതിന് അനുമതി ആവശ്യമില്ലെന്ന് ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു. കുടിവെള്ളത്തിനും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുമായി സ്വന്തം വീട്ടു പറമ്പില്‍ കുഴല്‍കിണര്‍ നിര്‍മിക്കുന്നതിന് അനാവശ്യമായ പ്രശ്‌നങ്ങളും പരാതികളും ഉണ്ടാകുന്ന സാഹചര്യത്തിലാണ് അറിയിപ്പ്. എന്നാല്‍ 30 മീറ്റര്‍ ചുറ്റളവില്‍ ഏതെങ്കിലും പൊതു ജല സ്രോതസ്സുണ്ടെങ്കില്‍ കുഴല്‍കിണര്‍ നിര്‍മാണത്തിന് മുന്‍പ് ഭൂജല വകുപ്പില്‍ നിന്നും അനുമതി വാങ്ങണം.
സ്വന്തം വീട്ടു പറമ്പില്‍ കുഴല്‍കിണര്‍ കുഴിക്കുന്നതിന് അനുമതി ആവശ്യമില്ലെങ്കിലും ഉപേക്ഷിക്കപ്പെട്ട കുഴല്‍കിണറുകളില്‍ വീണ് അപകടങ്ങള്‍ സംഭവിക്കുന്നത് പതിവായതിനാല്‍ കുഴിക്കുന്നതിന് 15 ദിവസം മുന്‍പ് ജില്ലാ കലക്റ്ററേയോ ഭൂജല വകുപ്പ് ജില്ലാ ഓഫീസറേയോ രേഖാമൂലം വിവരം അറിയിക്കണം.
വ്യാവസായിക – വാണിജ്യ ആവശ്യങ്ങള്‍ക്കായി കുഴല്‍കിണര്‍ നിര്‍മിക്കുകയാണെങ്കിലും മൂന്ന് എച്ച്.പി. യില്‍ കൂടുതലുള്ള പമ്പ് ഉപയോഗിക്കുകയാണെങ്കിലും ഭൂജല വകുപ്പില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം.