ഗായിക ആശ ഭോസ്‌ലേയുടെ മകള്‍ വര്‍ഷ ഭോസ്‌ലേ ആത്മഹത്യ ചെയ്തു

മുംബൈ: ഗായിക ആശ ഭോസ്‌ലേയുടെ മകള്‍ വര്‍ഷ ഭോസ്‌ലേ(50) ആത്മഹത്യ ചെയ്തു. വര്‍ഷ സ്വയം വെടിവച്ചു മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.  മുംബൈ പെഡര്‍ റോഡിലുള്ള വസതിയില്‍ ആണ് വര്‍ഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.എന്നാല്‍ മരണകാരണത്തേക്കുറിച്ച് ബന്ധുക്കള്‍ ആരും തന്നെ ഇതുവരെ പ്രതികരിച്ചിട്ടില്ല.  മരണം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

2008ലും 2010ലും ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. വിവാഹമോചനം നേടിയ വര്‍ഷ അമ്മ ആശാ ഭോസ്‌ലേയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. ആശാ ഭോസ്‌ലേയുടെ മൂന്ന് മക്കളില്‍ രണ്ടാമത്തെയാളാണ് വര്‍ഷ. മാധ്യമപ്രവര്‍ത്തകയായ വര്‍ഷ ഫ്രീലാന്‍സ് എഴുത്തുകാരി കൂടിയാണ്. ഹിന്ദി, മറാത്തി സിനിമകളില്‍ പാടിയിട്ടുമുണ്ട്.

വ്യക്തിപരമായ കാരണങ്ങള്‍ തന്നെയാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് സൂചന.