ഗവി സന്ദര്‍ശനത്തിന് നിയന്ത്രണം


പത്തനംതിട്ട:  ഗവി ഗേളിനെ കാണാന്‍ മലയാളികള്‍ മലകയറി ഗവിയിലെത്തി തുടങ്ങിയപ്പോള്‍ പെട്ടത് പാവം കാട്ടു മൃഗങ്ങള്‍. ഒരു എക്‌സ്ട്രാ ‘ഓര്‍ഡിനറി’ ‘ മലയാള ചിത്രം ഗവിയുടെ സൗന്ദര്യം കൊണ്ട് മലയാളിയുടെ മനം നിറച്ചപ്പോള്‍ ഇവിടേക്ക് വിനോദ സഞ്ചാരികള്‍ ഇരച്ചുകയറി. കാടിനും നാടിനും ദോഷമായ പ്ലാസ്റ്റിക് കുപ്പികളും കവറുകളുമായി. എന്നാല്‍ ഇതനുവദിക്കാന്‍ വനം വകുപ്പ് തയ്യാറല്ല. അവര്‍ വിനോദ സഞ്ചാരികള്‍ക്ക് കര്‍ശനമായ നിബന്ധനകളാണ് മുന്നോട്ട് വച്ചിരിക്കുന്നത്.

 

റാന്നി ഫോറസ്റ് ഡിവിഷനിലെ പെരിയാര്‍ കടുവാ സങ്കേതത്തിന് നടുവിലൂടെ കടന്നു പോകുന്ന ആങ്ങാമൂഴി വള്ളക്കടവ് റോഡിലൂടെയുള്ള അനിയന്ത്രിതമായ വിനോദസഞ്ചാരികളുടെ യാത്ര ഗുരതരമായ പാരിസ്ഥിതിക പ്രശ്നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.

 

 

പ്ളാസ്റിക് കുപ്പികളും മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് വനത്തിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് ഹാനികരമായി മാറുന്നു. കൂടാതെ തുടരെയുള്ള വാഹനപ്രവാഹം വന്യജീവികളുടെ സ്വൈര്യവിഹാരത്തിന് തടസം സൃഷ്ടിക്കുന്നു.

 

അതിനാല്‍ ആങ്ങാമൂഴിയില്‍ നിന്നും പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ബഫര്‍മേഖലയിലേക്ക് പ്രവേശനം അനുവദിക്കില്ല. നിയന്ത്രങ്ങള്‍ക്ക് വിധേയമായി പ്രതിദിനം നൂറോളം പേര്‍ക്ക് ആങ്ങാമൂഴിയില്‍ നിന്നും ആനത്തോട് വരെ പ്രവേശനം അനുവദിക്കും. സന്ദര്‍ശകര്‍ ആങ്ങാമൂഴി വഴി തന്നെ തിരികെ പോകേണ്ടതുമാണ്.

 

വിനോദസഞ്ചാരികള്‍ക്ക് ഗവിയിലേക്കുള്ള പ്രവേശനം കേരള വനം വികസന കോര്‍പ്പറേഷന്റെ സൂക്ഷ്മനിയന്ത്രണത്തിലുള്ള പാക്കേജ് ടൂര്‍ മുഖാന്തിരമായിരിക്കും. ഇവര്‍ക്ക് വണ്ടിപ്പെരിയാര്‍ വള്ളക്കടവ് വഴി മാത്രമേ പ്രവേശനം അനുവദിക്കൂ.

 


വിനോദ സഞ്ചാരികള്‍ ഇതൊരറിയിപ്പായി കരുതി വേണ്ട ക്രമീകരണങ്ങള്‍ വരുത്തണമെന്ന് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : വള്ളക്കടവ് റെയിഞ്ചാഫീസ് ഫോണ്‍: 04869 -252515, 8547, 603010, ഗൂഡ്രിക്കല്‍ റെയിഞ്ചാഫീസ് : 04735- 279063, 8547, 600890 കേരള വനം വികസന കോര്‍പ്പറേഷന്‍ ഇക്കോ ടൂറിസം ഓഫീസ് ഗവി : 8547809270, കുമളി 04869- 223270, 9947492399 നമ്പരുകളില്‍ ബന്ധപ്പെടണം.