ഗര്‍ഭച്ഛിദ്രം നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഡോക്ടര്‍ മരിച്ചു.

ലണ്ടന്‍: ഗര്‍ഭം അലസിയതിനെ തുടര്‍ന്ന് ഗര്‍ഭച്ഛിദ്രത്തിന് അനുവദിക്കമമെന്നാവശ്യം നിരാകരിക്കപ്പെട്ടതിനെ തുടര്‍ന്ന് അണുബാധയേറ്റ് യുവതി മരിച്ചു. അയര്‍ലന്റില്‍ ഡോക്ടറായ സവിത ഹലപ്പാനവര്‍ ആണ് അതിദാരുണമായി മരണപ്പെട്ടത്.

ഗര്‍ഭധാരണത്തിലെ പിശക് മൂലം കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെടുമെന്ന ഘട്ടം വന്നപ്പോഴാണ്‍ സവിത ഗര്‍ഭഛിദ്രത്തിന് വിധേയയാക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ അയര്‍ലണ്ടില്‍ ഭ്രൂണഹത്യ നിരോധിച്ചിരിക്കുന്നതിനാല്‍ ഡോക്ടര്‍മാര്‍ ഇതിന് അനുവാദം നല്‍കിയില്ല. ഗര്‍ഭസ്ഥ ശിശുവിന് നേരിയ ജീവന്റെ തുടിപ്പുകള്‍ ഉണ്ടെന്ന കാരണം പറഞ്ഞാണ് ഡോക്ടര്‍മാര്‍ പിന്‍മാറിയത്. പിന്നീട് കുഞ്ഞ് മരിച്ചതിനുശേഷമാണ് പുറത്തെടുത്തത്. ഇതെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ സവിതയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സവിതയുടെ മരണത്തെ തുടര്‍ന്ന് അയര്‍ലണ്ടിലെങ്ങും അബോര്‍ഷന്‍ സംബന്ധിച്ച ഈ യാഥാസ്ഥിതിക നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ ശക്തമായി.