ഖുറാന്‍ കത്തിച്ചതില്‍ പ്രതിഷേധം വ്യാപകം.; അമേരിക്ക മാപ്പു പറഞ്ഞു.

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഭഗ്രാം സൈനിക കേന്ദ്രത്തില്‍ അമേരിക്കന്‍ സൈനികര്‍ ഖുറാന്‍ കത്തിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. അഫ്ഗാന്‍ നഗരങ്ങളിലും കാബൂളിലും അക്രമാസക്തരായ പ്രതിഷേധകാര്‍ക്കെതിരെ പോലീസ് നടത്തിയ വെടിവെപ്പില്‍ 9 പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ നഗരമായ ജലാലബാദില്‍ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ കോലം കത്തിച്ചു. ഇവിടെ ആയിരത്തിലധികം ആളുകള്‍ ദേശീയപാത ഉപരോധിച്ചു. പലയിടങ്ങളിലും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കാബൂളിലെ അമേരിക്കന്‍ സേനാ കേന്ദ്രത്തിനു നേരെ പ്രകടനക്കാര്‍ കല്ലെറിഞ്ഞു.
അമേരിക്കന്‍ സൈനികര്‍ ഖുറാന്‍ കത്തിച്ചത് ദു:ഖകരമായ പിഴവാണെന്ന് ഐക്യരാഷ്ട്രസംഘടന പ്രതികരിച്ചു.
സംഭവത്തില്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റയും വൈറ്റ് ഹൗസും ക്ഷമാപണം നടത്തിയിട്ടുണ്ട്. പ്രശ്‌നം തണുപ്പിക്കാന്‍ യു.എന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി ഉലമാ കൗണ്‍സില്‍ അദ്ധ്യക്ഷനുമായി കൂടിക്കാഴ്ച്ച നടത്തി. അമേരിക്കന്‍ ഡെപ്യൂട്ടി പ്രതിരോധമന്ത്രി കാര്‍ട്ടര്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുമായി ചര്‍ച്ച നടത്തി. ഭഗ്രാമിലെ തടവറ അമേരിക്ക ഉടന്‍ തങ്ങള്‍ക്ക് കൈമാറണമെന്ന് കര്‍സായി ആവശ്യപ്പെട്ടു. ഖൂറാന്‍ കത്തിച്ച സംഭവം അന്വേഷിക്കുമെന്ന് നേറ്റോ അറിയിച്ചു. കുറ്റവാളികളെ ശിക്ഷിക്കുമെന്ന് യു.എന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

 

കഴിഞ്ഞ വര്‍ഷവും അമേരിക്കന്‍ സൈനികര്‍ ഖുറാന്‍ കത്തിച്ചത് നിരവധിയാളുകളുടെ മരണത്തിനിടയാക്കിയിരുന്നു.