ഖുര്‍ആന്‍ കത്തിക്കല്‍; അമേരിക്കക്കെതിരെ പ്രതിഷേധം രൂക്ഷം.

കാബൂള്‍: ഖുര്‍ആന്‍ കത്തിക്കല്‍ വിവാദത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ അമേരിക്കക്കെതിരെ പ്രതിഷേധം കൂടുതല്‍ രൂക്ഷമാകുന്നു. നാല് ദിവസമായി തുടരുന്ന പ്രതിഷേധത്തില്‍ ഇതുവരെ 19 പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്കുശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്കന്‍ വിരൂദ്ധപ്രകടനം നടന്നു. സുരക്ഷാസേന ആകാശത്തേക്ക് വെടിവെച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ‘ അമേരിക്ക തുലയട്ടെ’ എന്ന് അവര്‍ മുദ്രാവാക്യം മുഴക്കി. പ്രസിഡന്റ്് ഹമീദ് കര്‍സായിയുടെ കൊട്ടാരത്തിലേക്കു പ്രകടനം നടന്നു.
രാജ്യമെങ്ങും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. പ്രമുഖ പള്ളികളിലും തെരുവുകളിലും കൂടുതല്‍ സുരക്ഷാഭടന്‍മാരെ നിയോഗിച്ചു.
അഫ്ഗാനിസ്ഥാനിലെ നാറ്റോ സൈനിക ആസ്ഥാനത്ത് വിശൂദ്ധ ഖുര്‍ആന്‍ പാതി കത്തിക്കരഞ്ഞ നിലയില്‍ കണ്ടെത്തിയതോടെയാണ് പ്രശ്‌നം തുടങ്ങിയത്. ഖുര്‍ആന്‍ കത്തിച്ച സംഭവത്തെ പാകിസ്ഥാന്‍ അപലപിച്ചു. വിശുദ്ധ ഖുര്‍ആനെ അപമാനിച്ചതില്‍ പാക് സര്‍ക്കാരും ജനങ്ങളും ഒരുപോലെ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നതായി വിദേശ കാര്യ വക്താവ് അറിയിച്ചു.