ഖിഫ് ഫുട്ബാള്‍ ഫൈനല്‍ 13ന് അല്‍ അറബി സ്റ്റേഡിയത്തില്‍

footballദോഹ: വെസ്റ്റേണ്‍ യൂണിയന് സിറ്റി എക്‌സ്‌ചേഞ്ച് ട്രോഫിക്കായുള്ള ഖത്തര്‍ കേരള അന്തര്‍ജില്ലാ ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ 13ന് രാത്രി എട്ട് മണിക്ക് അല്‍ അറബി സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഖിഫ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ടൂര്‍ണമെന്റിലെ പ്രബല ടീമുകളായ മംവാഖ് മലപ്പുറവും കെ എം സി സി മലപ്പുറവും തമ്മിലുള്ള ഫൈനല്‍ കാണാനെത്തുന്നവരുടെ തിരക്ക് പ്രതീക്ഷിച്ചാണ് ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ അധികാരികളുടെ പ്രത്യേക താത്പര്യത്തില്‍ കലാശക്കൊട്ട് അല്‍ അറബി സ്റ്റേഡിയത്തിലേക്ക് മാറ്റിയത്.
മലേഷ്യയില്‍ നടന്ന ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം നേടിക്കൊടുത്ത പാലക്കാട്ടെ താരങ്ങളായ പി യു ചിത്രയും അഫ്‌സലും ഫൈനല്‍ ആഘോഷത്തില്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
ഇന്ത്യന്‍ എംബസി, ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ തുടങ്ങിയവയുടെ പ്രതിനിധികളും വിവിധ മലയാളി സംഘടനാ നേതാക്കളും വാണിജ്യ വ്യവസായ പ്രമുഖരും സമാപന ചടങ്ങുകളില്‍ പങ്കെടുക്കും.
ഫൈനല്‍ മത്സരത്തിന് മുന്നോടിയായി വൈകിട്ട് അഞ്ച് മണി മുതല്‍ വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളും മറ്റു കലാകാരന്മാരും കലാ- സാംസ്‌ക്കാരിക പരിപാടികള്‍ അവതരിപ്പിക്കും.
രണ്ട് ടീമുകള്‍ പങ്കെടുക്കുന്ന ശിങ്കാരിമേളവും പഞ്ചമേളവും പരിപാടികള്‍ക്ക് കൊഴുപ്പേകും. ഫൈനല്‍ മത്സരം കാണാനെത്തുന്നവര്‍ക്ക് സിറ്റി എക്‌സ്‌ചേഞ്ച് നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
പത്രസമ്മേളനത്തില്‍ ഖിഫ് പ്രസിഡന്റ് ശംസുദ്ദീന്‍ ഒളകര, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷമീന്‍, ഷാനിബ്, ഇ പി മുഹമ്മദ് അബ്ദുറഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.