ഖമറുന്നീസ അന്‍വറിന് ലീഗിന്റെ ഷോക്കോസ്.

മലപ്പുറം : വനിത വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തു നിന്ന് മാറ്റിയതിനു പിന്നാലെ ഖമറുന്നീസ അന്‍വറിന് ഷോക്കോസ് നോട്ടീസും. മന്ത്രി മുനീറിന്റെ നിലപാടിനെതിരെ പരസ്യമായി പ്രതികരിച്ചതിനാണ് ഖമറുന്നീസ അന്‍വറിനോട് വിശദീകരണം തേടിയിരിക്കുന്നത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ പി മജീദ് വ്യക്തമാക്കി.

സ്ത്രീശാക്തീകരണത്തിന് സാമൂഹ്യക്ഷേമ വകുപ്പ് കോഴിക്കോട് നടത്തിയ ജെന്‍ഡര്‍ ഫെസ്റ്റിവെല്ലുമായി ബന്ധപ്പെട്ടു ഉയര്‍ന്ന അഴിമതി ആരോപണങ്ങളാണ് ഇന്ന് വനിതാ ലീഗിനെ പ്രതിനന്ധിയിലാക്കുന്നിടത്തേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നത്.

ജെന്‍ഡര്‍ ഫെസ്റ്റിലെ അഴിമതിയുമായി ബന്ധപ്പെട്ട് വനിത വികസന കോര്‍പ്പറേഷന്‍ എംഡി സുനീഷ് മുഹമ്മദ് ഖമറുന്നീസയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ജന്‍ഡര്‍ ഫെസ്റ്റിന്റെ വ്യക്തമായ കണക്കുകള്‍ ഹാജരാക്കണമെന്ന് സുനീഷിനോട് ഖമറുന്നീസ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കണക്കുകള്‍ ഹാജരാക്കിയില്ല. ഇതിനെ തുടര്‍ന്ന് സുനീഷിനെ മാറ്റണമെന്ന ആവശ്യം ഖമറുന്നീസ അന്‍വര്‍ മുന്നോട്ടു വെച്ചെങ്കിലും മന്ത്രി മുനീര്‍ ഇടപെട്ട് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തുനിന്ന് ഖമറുന്നീസയെ മാറ്റി പകരം വനിത ലീഗ് ജില്ല പ്രസിഡന്റ് പി കുല്‍സുവിനെ നിയമിക്കുകയായിരുന്നു. ഇതാണ് ഖമറുന്നീസയെ പ്രകോപിപ്പിച്ചതും മന്ത്രിക്കെ പ്രതികരിച്ചതും.