ഖബറുകള്‍പൊളിച്ചുള്ള പള്ളി നിര്‍മാണപ്രവര്‍ത്തികള്‍ പോലീസ് തടഞ്ഞു

റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകനെ തടഞ്ഞു.

പരപ്പനങ്ങാടി: പാലത്തിങ്ങള്‍ ജുമ അത്ത് പള്ളി പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായി ഖബറുകള്‍ പൊളിച്ച് നടത്തുന്ന നിര്‍മാണപ്രവര്‍ത്തികള്‍ പോലീസ് ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു. ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ഈ ഇടപെടല്‍. നിര്‍മാണ പ്രവര്‍ത്തനത്തിനെതിരെ ഇര്‍ഷാദ് പാലത്തിങ്ങല്‍, പിവി സൂപ്പിക്കുട്ടി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സ്‌റ്റേ.

എന്നാല്‍ ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന ഭൂമിയില്‍ സ്റ്റേയില്ലെന്ന വാദവുമായി മറുവിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.

ഇതിനിടെ സംഭവം അറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പള്ളിയുടെ പരിസരത്തേക്ക് പോകുന്നതിനെ ഒരുവിഭാഗം ആളുകള്‍ തടഞ്ഞു. ചെമ്മാട് കേബിള്‍വിഷന്‍ റിപ്പോര്‍ട്ടറും ക്യാമറാമാനുമായ നിസാറിനെയാണ തടഞ്ഞത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ചാവിയൂരുകയും, പത്രക്കാരാണ് വിഷയം വിവാദമാക്കി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും നിങ്ങളെ അങ്ങോട്ട് പോകാന്‍ അനുവദിക്കില്ലെന്നും പറഞ്ഞാണ് തടഞ്ഞത്.

 

പാലത്തിങ്ങല്‍ പള്ളി പുനര്‍നിര്‍മാണം: ഖബര്‍ പൊളിച്ചത് വിവാദമാകുന്നു