ഖനി മാഫിയ മധ്യപ്രദേശില്‍ ഐപിഎസ് ഉദ്യോഗസ്ഥനെ ട്രാക്ടര്‍ കയറ്റികൊന്നു.

ഗ്വാളിയോര്‍: മധ്യപ്രദേശില്‍ അനധികൃത ഖനനം തടയാന്‍ ശ്രമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥനെ ഖനി മാഫിയ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി. ബാന്‍മോര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസറായ നരേന്ദ്രകുമാര്‍ സിംങ് (30) ആണ് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ കൊല്ലപ്പെട്ടത്. മൊറേന ജില്ലയിലെ ബാന്‍മോര്‍ പട്ടണത്തില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. 2009 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് നരേന്ദ്രകുമാര്‍. കഴിഞ്ഞ മാസമാണ് നരേന്ദ്രകുമാര്‍ ബാന്‍മോറില്‍ പൊലീസ് ഉദ്യോഗസ്ഥനായി ചുമതലയേറ്റത്. ഖനി മാഫിയയുടെ ശക്തികേന്ദ്രമായ പ്രദേശത്ത് അനധികൃതഖനനം നിയന്ത്രിക്കാന്‍ നരേന്ദ്രകുമാര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. നിരവധി ട്രക്കുകളും ട്രാക്ടറുകളും ഇദ്ദേഹം കസ്റ്റഡിയിലെടുത്തിരുന്നു.
ജീപ്പില്‍ പട്രോളിങ് നടത്തുകയായിരുന്ന നരേന്ദ്രകുമാര്‍, പാറക്കഷണങ്ങള്‍ നിറച്ച് പോവുകയായിരുന്ന ട്രാക്ടര്‍ തടയാന്‍ ശ്രമിച്ചു. ട്രാക്ടര്‍ നിര്‍ത്താതെ പോയി. ജീപ്പില്‍ ട്രാക്ടറിനെ പിന്‍തുടര്‍ന്ന് മുന്നിലെത്തിയ നരേന്ദ്രകുമാര്‍ വാഹനത്തില്‍നിന്ന് ഇറങ്ങി ട്രാക്ടറിനു മുന്നില്‍ നിന്ന് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇതു വകവെയ്ക്കാതെ ട്രാക്ടര്‍ ഡ്രൈവര്‍ നരേന്ദ്രകുമാറിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ട്രാക്ടറിന്റെ ചക്രം കയറി ചതഞ്ഞരഞ്ഞ നിലയിലാണ് പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിലെത്തിച്ചത്. ട്രാക്ടര്‍ ഡ്രൈവര്‍ മനോജ് ഗുര്‍ജറിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റുചെയ്തു. ഖനി മാഫിയയാണ് കൊലപാതകത്തിനു പിന്നിലെന്ന് ചമ്പല്‍ റേഞ്ച് ഡിഐജി ഡി.ജി. ഗുപ്ത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഗ്വാളിയോറിലെ ഐഎഎസ് ഉദ്യോഗസ്ഥ മധുറാണി തിവാട്ടിയാണ് ഭാര്യ. ഇവര്‍ ഇപ്പോള്‍ പ്രസവാവധിയിലാണ്. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഉമാശങ്കര്‍ ഗുപ്ത, ഡിജിപി. നന്ദന്‍ ദുബെ എന്നിവര്‍ സ്ഥലത്തെത്തി.
ഖനി മാഫിയക്കെതിരെ ശബ്ദമുയര്‍ത്തിയ പത്രപ്രവര്‍ത്തകന്‍ ചന്ദ്രികാറായിയെയും കുടുംബത്തെയും ഈയിടെ കൊലപ്പെടുത്തിയതും മധ്യപ്രദേശിലാണ്. ഫെബ്രുവരി 18ന് ഭോപാലിലെ വസതിയില്‍വെച്ച് ചന്ദ്രികാറായി, ഭാര്യ ദുര്‍ഗ്ഗ, മക്കളായ ജലജ്, നിഷ എന്നിവരെ ഖനി മാഫിയാസംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.