ഖത്തറും തുര്‍ക്കിയും ദോഹയില്‍ സംയുക്ത സൈനികാഭ്യാസം നടത്തി

ദോഹ: ഖത്തര്‍- തുര്‍ക്കി സായുധ സൈന്യങ്ങള്‍ ദോഹയില്‍ സംയുക്ത സൈനികാഭ്യാസം നടത്തി. ഖത്തര്‍ സായുധ സേന  ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ ഗനീം ബിന്‍ ശഹീന്‍ അല്‍ ഗനീമന്റെ സാന്നിധ്യത്തിലായിരുന്നു സംയുക്ത സൈനികാഭ്യാസം.

നസര്‍-2015 എന്ന് പേരിട്ട സൈനികാഭ്യാസ പ്രകടനങ്ങളില്‍ സായുധ സൈന്യത്തിലെ വിവിധ തന്ത്രങ്ങളും അഭ്യാസങ്ങളുമാണ് നടന്നതെന്ന് സൈനികാഭ്യാസ ഡയരക്ടര്‍ ബ്രിഗേഡിയര്‍ ഫഹദ് മുഹമ്മദ് അല്‍ ദുഐമി പറഞ്ഞു.

ഖത്തര്‍ അമീരി ലാന്‍ഡ് ഫോഴ്‌സ്, സ്‌പെഷല്‍ ഫോഴ്‌സ്, അമീരി ഗാര്‍ഡ്, നാഷനല്‍ സര്‍വീസ് തുടങ്ങിയ സേനകള്‍ അഭ്യാസത്തില്‍ പങ്കെടുത്തു.

മൂന്ന് ഭാഗങ്ങളായാണ് സൈനികാഭ്യാസം നടന്നതെന്ന് ബ്രിഗേഡിയര്‍ അല്‍ ദുഐമി പറഞ്ഞു.

ഒന്നാമത്തേത് തയ്യാറെടുപ്പും പ്രവര്‍ത്തന ക്രമീകരണവും രണ്ടാമത്തേത് ആസ്ഥാന പ്രകടനങ്ങളും സൈന്യത്തോടൊപ്പമുള്ള തന്ത്ര പ്രകടനങ്ങളുമായിരുന്നു.

മൂന്നാമത്തെ ഭാഗത്തില്‍ പഠനവും വിവരണവുമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്.

തുര്‍ക്കി സൈന്യത്തോടൊപ്പമുള്ള പ്രവര്‍ത്തനാനുഭവം ഖത്തര്‍ സൈനികര്‍ക്ക് ലഭിക്കാനും സേനകള്‍ തമ്മിലുള്ള ബന്ധവും പ്രവര്‍ത്തനവും ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് സംയുക്ത സൈനികാഭ്യാസം സംഘടിപ്പിച്ചതെന്നും അല്‍ ദുഐമി പറഞ്ഞു.