ഖത്തറില്‍ 500 ഫിലിപ്പീന്‍സുകാര്‍ക്ക്‌ ജോലി നഷ്ടപ്പെട്ടു;മലയാളികള്‍ ആശങ്കയില്‍

Untitled-1 copyദോഹ: രാജ്യത്ത്‌ എണ്ണവിലയിടിവിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ 500ലധികം ഫിലിപ്പീന്‍സ്‌ സ്വദേശികള്‍ക്ക്‌ ഖത്തറില്‍ തൊഴില്‍ നഷ്ടമായി. തായി അംബാസഡര്‍ വില്‍ഫ്രെഡോ സാന്റോസ്‌ ആണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. ഒരു ടെലിവിഷന്‍ ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ അദേഹം ഇക്കാര്യത്തെ കുറിച്ച്‌ പറഞ്ഞത്‌. ഖത്തര്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ഹെല്‍ത്ത്‌ സെന്ററുകളില്‍ ജോലി ചെയ്‌തുവരികയായിരുന്ന നഴ്‌സുമാര്‍ക്കാണ്‌ തൊഴില്‍ നഷ്ടമായിരിക്കുന്നത്‌. ജോലി നഷ്ടപ്പെട്ടവരില്‍ കൂടുതല്‍ പേരും 55 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്‌. ഇവര്‍ക്ക്‌ മറ്റൊരു ജോലി കണ്ടുപിടിക്കുന്നതിന്‌ രണ്ടുമാസത്തെ ടെര്‍മിനേഷന്‍ നോട്ടീസാണ്‌ ലഭിച്ചത്‌. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച്‌ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കായി സഹായം ലഭ്യമാക്കാന്‍ ഫിലിപ്പീന്‍സ്‌ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതായി വിവിധ ഫിലിപ്പീന്‍സ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അടുത്തിടെ ഖത്തറില്‍ വിവിധ രാജ്യക്കരായ ആയിരക്കണക്കിനു പേര്‍ക്കാണ്‌ തൊഴില്‍ നഷ്ടമായത്‌.

അതെസമയം വിവധ മേഖലകളില്‍ തൊഴിലെടുക്കുന്ന മലയാളികളും ആശങ്കയിലാണ്‌. ഇതിനോടകം തന്നെ ഖത്തര്‍ പെട്രോളിയം, ഹമദ്‌ മെഡിക്കല്‍ കോര്‍പ്പറേഷന്‍, സിദ്‌റ മെഡിക്കല്‍ സെന്റര്‍, ഖത്തര്‍ റെയില്‍, റാസ്‌ ഗ്യാസ്‌, മയേര്‍സ്‌ക്‌ ഓയില്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്‌തിരുന്ന നിരവധി മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക്‌ ജോലി നഷ്ടമായിട്ടുണ്ട്‌.