ഖത്തറില്‍ സ്‌ത്രീകള്‍ക്കുള്ള കടകളില്‍ പുരുഷന്‍മാര്‍ക്ക്‌ വിലക്ക്‌;നിയമം ശക്തമാക്കുന്നു

Untitled-1 copyദോഹ: ഖത്തറില്‍ സ്‌ത്രീകളുടെ വസ്‌ത്രങ്ങളും മറ്റുല്‍പ്പന്നങ്ങളും വില്‍പ്പന നടത്തുന്ന കടകളില്‍ നിന്നും പുരുഷന്മാരെ പൂര്‍ണായും ഒഴിവാക്കാന്‍ സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ഉപസമിതിയെ നിയമിച്ചിട്ടുണ്ട്‌. പല ഗള്‍ഫ്‌ രാജ്യങ്ങളിലും വനിതകള്‍ക്ക്‌ മാത്രമായിട്ടുള്ള കടകളില്‍ പുരുഷ ജീവനക്കാര്‍ പാടില്ലെന്ന നിയമം നിലവിലുണ്ടെങ്കിലും ഖത്തറില്‍ ഈ നിയമം നടപ്പിലാക്കിയിട്ടില്ലെന്ന്‌ ചൂണ്ടികാണിച്ച്‌ കൗണ്‍സില്‍ അംഗങ്ങള്‍ ഈ ആവശ്യം ഉയര്‍ത്തിയത്‌. ഇതുമായി ബന്ധപ്പെട്ട്‌ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും മുനിസിപ്പില്‍ ചെയര്‍മാന്‍ മൂഹമ്മദ്‌ മഹ്മൂദ്‌ അല്‍ ഷാഫി വ്യക്തമാക്കി.

2011 ല്‍ ഖത്തറില്‍ വനിതകളുടെ കടകളില്‍ പുരുഷന്‍മാരെ നിയമിക്കരുതെന്നും വനിതകളെ തന്നെ നിയമിക്കമെന്നും നിയമം കൊണ്ടുവന്നിരുന്നു. മൂന്ന്‌ മാസത്തിനുള്ളില്‍ ഈ നിയമം നടപ്പിലാക്കണമെന്നാണ്‌ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നത്‌. എന്നാല്‍ കലാവാധി കഴിഞ്ഞിട്ടും നിയമനം മാത്രം നടത്തിയില്ല.

കടകളിലെത്തുമ്പോള്‍ പുരുഷ ജീവക്കാര്‍ തങ്ങള്‍ക്ക്‌ വേണ്ട വസ്‌ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും അളവെടുക്കേണ്ടി വരുമ്പോഴും അസൗകര്യം വരുത്തുന്നുണ്ടെന്ന്‌ കാണിച്ച്‌ നിരവധി പരാതികള്‍ ലഭിച്ചതോടെയാണ്‌ ഇക്കാര്യത്തില്‍ അടിയന്തിര തീരുമാനം കൈകൊള്ളാന്‍ മുനിസിപ്പില്‍ കൗണ്‍സില്‍ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്‌.