ഖത്തറില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും തുല്യഅവകാശം:തൊഴില്‍ മന്ത്രി

Untitled-1 copyദോഹ: രാജ്യത്ത്‌ സ്വദേശി പൗരന്‍മാര്‍ക്കുള്ള എല്ലാ അവകാശങ്ങള്‍ക്കും വിദേശ പൗരന്‍മാരും അര്‍ഹരാണെന്ന്‌ ഖത്തര്‍ തൊഴില്‍ മന്ത്രി വ്യക്തമാക്കി. ഖത്തറിലെ ഭരണഘടനയ്‌ക്ക്‌ വിദേശികളോട്‌ മാത്രമായി ഒരു വേര്‍തിരിവില്ലെന്നു അദേഹം പറഞ്ഞു. പ്രവാസികള്‍ രാജ്യത്തിന്റെ സാമൂഹികഘടനയുടെ അവിഭാജ്യഘടകമാണ്‌. നിയമങ്ങള്‍ എല്ലാതരത്തിലുള്ള മാന്യത കല്‍പിക്കുന്ന രാജ്യമാണ്‌ ഖത്തറെന്നും ഭരണ നിര്‍വഹണ, തൊഴില്‍-സാമൂഹിക മന്ത്രി ഡോ. ഈസ ബിന്‍ സാദ്‌ അല്‍ ജാഫലി അല്‍ നുഐമി പറഞ്ഞു.

രാജ്യത്തെ വിദേശ തൊഴിലാളികളെ സംരക്ഷിക്കാനും നിയമനിര്‍വഹണമേഖയ്‌ക്ക്‌ കരുത്ത്‌ പകരാനും ഖത്തറും, അമീര്‍ ശൈഖ്‌ തമീം ബിന്‍ ഹമദ്‌ ആല്‍ഥാനിയും പ്രതിജ്ഞാബദ്ധമാണെന്നും ഖത്തര്‍ അന്താരാഷ്ട്ര വ്യവസ്ഥിതികളോട്‌ ആദരവ്‌ കാണിക്കുന്ന രാജ്യമാണെന്നും ഇവിടുത്തെ നിയമത്തിന്‌ ഇരട്ടമുഖമില്ലെന്നും അദേഹം വ്യക്തമാക്കി. ഐഎല്‍ഒയുമായും അതിന്റെ ഭരണസമിതിയുമായും യോജിച്ച്‌ പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും അദേഹം പറഞ്ഞു.