ഖത്തറില്‍ സ്വകാര്യ വിദ്യാഭ്യാസത്തിന്‌ നിയന്ത്രണം

ദോഹ: സ്വകാര്യ വിദ്യാഭ്യാസ രംഗത്തെ നിയന്ത്രിക്കാന്‍ ഖത്തരി ഓഹരിയുള്ള കമ്പനി രൂപീകരിക്കണമെന്ന് ഖത്തര്‍ ചേംബര്‍ വിദ്യാഭ്യാസ കമ്മിറ്റിയുടെ ശിപാര്‍ശ. ഖത്തര്‍ ചേംബര്‍ ഉന്നതലതലയോഗത്തിലാണ് ഈ കാര്യത്തില്‍ ശിപാര്‍ശയുണ്ടായത്. വൈസ് ചെയര്‍മാന്‍ മുഹമ്മദ് അഹമ്മദ് ബിന്‍ തുവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

രാജ്യത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനൊപ്പം സ്വകാര്യ സ്‌കൂളുകളിലെ നിക്ഷേപങ്ങള്‍ നിയന്ത്രിക്കുന്നതിനും കമ്പനി രൂപീകരിക്കണമെന്നാണ് ശിപാര്‍ശയില്‍ ആവശ്യപ്പെടുന്നത്. സ്വകാര്യ സ്‌കൂളുകളെ സംബന്ധിച്ച വിഷയങ്ങള്‍ ഖത്തര്‍ ചേംബര്‍ വിദ്യാഭ്യാസ കമ്മിറ്റി ചര്‍ച്ച ചെയ്ത് ഇതിനായി കമ്മിറ്റി രൂപീകരിക്കണമെന്ന നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിക്കുന്ന ശിപാര്‍ശയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ ഇത്തരമൊരു കമ്പനിയുടെ രൂപീകരണം അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. പ്രസ്തുത കമ്പനിയില്‍ പ്രാദേശിക നിക്ഷേപകരെയും സ്വകാര്യ സ്‌കൂള്‍ ഉടമകളെയും ഉള്‍പ്പെടുത്തണമെന്നും യോഗം നിര്‍ദേശിച്ചു.

രാജ്യത്ത് സ്വകാര്യ സ്‌കൂളുകളുടെ ആവശ്യം വര്‍ധിച്ചുവരികയാണ്. ജനസംഖ്യാ വര്‍ധനവാണ് സ്‌കൂളുകളുടെ ആവശ്യകതയില്‍ വര്‍ധനവുണ്ടാക്കുന്നത്. നിരവധി വിദേശ സ്വകാര്യ സ്‌കൂളുകള്‍ ഖത്തറില്‍ പുതുതായി ശാഖകള്‍ ആരംഭിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ കമ്പനിയുടെ രൂപീകരണം ദേശീയ സമ്പദ് വ്യവസ്ഥയ്ക്ക് പ്രയോജനകരമാകുമെന്നാണ് യോഗം. വിലയിരുത്തിയത്.

സ്‌കൂളുകളുടെ ഭാഷാപരമായും സാംസ്‌കാരികവും ധാര്‍മികവുമായ വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതിന് കമ്പനി സഹായിക്കും. യോഗത്തില്‍ പങ്കെടുത്ത എല്ലാവരും ഈ നിര്‍ദേശത്തെ പിന്തുണക്കുകയും സര്‍ക്കാര്‍ ഇത് നടപ്പാക്കണമെന്നും പ്രാദേശിക നിക്ഷേപത്തിന് പ്രാധാന്യം നല്‍കണമെന്നും ആവശ്യപ്പെടുകയും ചെയ്തു. പുതിയ കമ്പനിയുടെ രൂപീകരണം ഉള്‍പ്പടെ യോഗത്തില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളെക്കുറിച്ച് അടുത്ത കമ്മിറ്റിയോഗത്തില്‍ വിശദമായ പഠനം നടത്തും. സ്വകാര്യ സ്‌കൂളുകളിലെ ഫീസ് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് കമ്മിറ്റി വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും കുറിച്ച് കമ്മിറ്റി നടത്തിയ വിശദമായ പഠനത്തിലെ കണ്ടെത്തലുകളെ കുറിച്ചു യോഗം ചര്‍ച്ച ചെയ്തു.

അക്കാദമിക് അക്രഡിറ്റേഷന്‍ ലഭിക്കുന്നതില്‍ 168 സ്വകാര്യ സ്‌കൂളുകള്‍ പരാജയപ്പെട്ടത് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയെയും കമ്മിറ്റി വിമര്‍ശിച്ചു.

മാധ്യമങ്ങള്‍ സമഗ്രമായും വിഷയാധിഷ്ഠിതമായുമാണ് ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു.