ഖത്തറില്‍ മനുഷ്യക്കടത്ത്‌ തടയുന്നത്‌ ശക്തമാക്കുന്നു

Doha-Excitingദോഹ: മനുഷ്യക്കടത്ത് തടയുന്നതിന് മിനിമം സ്റ്റാന്‍ഡേര്‍ഡ് ഉറപ്പു വരുത്തുന്നതിന് ഖത്തര്‍ സുപ്രധാന ശ്രമങ്ങള്‍ നടത്തുന്നതായി യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ദി ട്രാഫിക്കിംഗ് ഇന്‍ ഹ്യുമന്‍സ് റിപ്പോര്‍ട്ട് 2015ല്‍ ഖത്തറിനെ ടയര്‍ 2 വാച്ച് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇതേ പട്ടികയിലായിരുന്നു ഖത്തര്‍.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിന് ഖത്തര്‍ സര്‍ക്കാര്‍ എടുത്ത നിരവധി ചുവടുവയ്പുകളെ എടുത്തു കാട്ടിയ റിപ്പോര്‍ട്ട് ചില വിഷയങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. നിരവധി ശിപാര്‍ശകളും റിപ്പോര്‍ട്ട് മുന്നോട്ടുവച്ചിട്ടുണ്ട്.
തൊഴിലാളികള്‍ക്ക് ബാങ്ക് വഴി ശമ്പളം നല്‍കുന്ന നിയമം കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്യവും ലേബര്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കിയ കാര്യവും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇത് നടപ്പാക്കുന്നതിന് തൊഴിലുടമകള്‍ക്ക് ആറ് മാസത്തെ സമയം നല്‍കിയിരിക്കുകയാണ്.
422 മനുഷ്യക്കടത്തു കേസുകളാണ് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 228 എണ്ണം നിര്‍ബന്ധിത തൊഴിലെടുപ്പിക്കലുമായി ബന്ധപ്പെട്ടതായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 62 കേസുകളാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്.
തൊഴിലിടങ്ങളില്‍ പരിശോധന നടത്തുകയും തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത അധികൃതര്‍ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും മനുഷ്യക്കടത്തിനെക്കുറിച്ച് ബോധവത്ക്കരണം നല്‍കിയിരുന്നു.
2014ല്‍ 11 മനുഷ്യക്കടത്ത് കേസുകളില്‍ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഒന്നില്‍പ്പോലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടിരുന്നില്ല. മുന്‍ വര്‍ഷം ഒന്‍പതു കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ട കാര്യം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
2011 ഒക്ടോബര്‍ മുതല്‍ ഖത്തര്‍ നടപ്പാക്കി വരുന്ന മനുഷ്യക്കടത്ത് വിരുദ്ധ നിയമം കര്‍ക്കശമായ വകുപ്പുകള്‍ അടങ്ങിയിട്ടുള്ളതാണെന്ന് യു എസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
തൊഴിലുടമകള്‍ പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുന്നത് ഈ നിയമപ്രകാരം നിരോധിച്ചിരിക്കുന്നു. എന്നാല്‍, റിപ്പോര്‍ട്ടിംഗ് കാലയളവില്‍ ഈ നിയമം വളരെ അപൂര്‍വ്വമായേ നടപ്പില്‍ വരുത്തിയിട്ടുള്ളുവെന്നും പാസ്‌പോര്‍ട്ട് തടഞ്ഞുവച്ചതിന്റെ പേരില്‍ സ്‌പോര്‍സര്‍മാര്‍ക്ക് പിഴ ചുമത്തിയ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും യു എസ് റിപ്പോര്‍ട്ട് ആരോപിക്കുന്നു. മനുഷ്യക്കടത്തിന്റെ ചില ഇരകളെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ടെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും സംരക്ഷണം ലഭിക്കാത്തതുമായ നിരവധി ഇരകളുണ്ട്.
മനുഷ്യക്കടത്ത് ഇരകളെ സംരക്ഷിക്കാന്‍ ഖത്തര്‍ ഫൗണ്ടേഷന്‍ നടത്തുന്ന ശ്രമങ്ങളെ യു എസ് റിപ്പോര്‍ട്ട് പ്രകീര്‍ത്തിച്ചു. സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലഗസിയുടെ ശ്രമങ്ങളും അഭിനന്ദനാര്‍ഹമാണ്.
റിപ്പോര്‍ട്ടിങ് കാലയളവില്‍ തൊഴില്‍-സാമൂഹിക ക്ഷേമ മന്ത്രാലയം തൊഴില്‍ നിയമ ലംഘനത്തിന്റെ പേരില്‍ 200 കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. മുന്‍ വര്‍ഷം ഇത് രണ്ടായിരം കമ്പനികളായിരുന്നു.
നിരവധി ശിപാര്‍ശകളും യു എസ് റിപ്പോര്‍ട്ട് ഖത്തറിന്റെ മുന്നില്‍ വച്ചിട്ടുണ്ട്.
സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തിലെ നിരവധി വകുപ്പുകള്‍ ഭേദഗതി ചെയ്യുക, മനുഷ്യക്കടത്ത് കുറ്റങ്ങളില്‍ കാര്യക്ഷമമായ അന്വേഷണം ഉറപ്പുവരുത്തുക, തൊഴില്‍ നിയമ പരിരക്ഷണം വീട്ടുവേലക്കാര്‍ക്കും ബാധകമാക്കുക, സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തിലെ മാറ്റം മഉഴുവന്‍ തൊഴിലാളികള്‍ക്കും ബാധകമാക്കുക തുടങ്ങിയവയാണ് ഇതില്‍ പ്രധാനപ്പെട്ടത്.