ഖത്തറില്‍ പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ റസിഡന്റ് പെര്‍മിറ്റ് പതിപ്പിക്കുന്ന രീതി ഇല്ലാതാകുന്നു

imagesദോഹ: സാങ്കേതികതയുടെ പുരോഗതിക്കൊത്ത് വളരുന്ന ഖത്തറിന്റെ നേട്ടങ്ങളിലേക്ക് പുതിയൊരു തൂവല്‍കൂടി. ഈ മാസം 15-ാം തിയ്യതിയോടെ പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ റസിഡന്റ് പെര്‍മിറ്റ് പതിപ്പിക്കുന്ന രീതി ഇല്ലാതാകുന്നു. പകരം പുതിയ താമസ- തിരിച്ചറയില്‍ കാര്‍ഡാണ് അനുവദിക്കുക. ഇന്നലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സിന്റെ ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാഷനാലിറ്റി, ബോര്‍ഡേര്‍സ് ആന്റ് എക്‌സ്പാട്രിയേറ്റ്‌സ് അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്ല സാലിം അല്‍ അലി, അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഓഫ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാഷനാലിറ്റി, ബോര്‍ഡേര്‍സ് ആന്റ് എക്‌സ്പാട്രിയേറ്റ്‌സ് അഫയേഴ്‌സ് ബ്രിഗേഡിയര്‍ മുഹമ്മദ് അഹമ്മദ് അല്‍ അതീഖ് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
പ്രവാസി താമസക്കാര്‍ക്ക് കാര്യങ്ങള്‍ എളുപ്പത്തിലും വേഗത്തിലും ചെയ്തു തീര്‍ക്കാനാവുന്ന വിധത്തില്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് ആഭ്യന്തര മന്ത്രാലയം കാര്യങ്ങള്‍ നിര്‍വഹിച്ചിരിക്കുന്നത്.
ജൂണ്‍ 15 മുതല്‍ വിദേശികളുടെ പാസ്‌പോര്‍ട്ടില്‍ റസിഡന്‍സ് പെര്‍മിറ്റ്  പതിപ്പിക്കുന്ന രീതി ഇല്ലാതാക്കാനും പുതിയ രീതിയിലുള്ള റസിഡന്‍സി കാര്‍ഡ് അനുവദിക്കാനുമുള്ള എല്ലാ നടപടികളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാഷണാലിറ്റി, ബോര്‍ഡേഴ്‌സ് ആന്റ് എക്‌സ്പാട്രിയേറ്റ്‌സ് അഫയേഴ്‌സ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
പുതിയ സമ്പ്രദായ പ്രകാരം പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ റസിഡന്റ് പെര്‍മിറ്റ് സ്റ്റിക്കറുണ്ടായിരിക്കില്ല. പുതുതായി അനുവദിക്കുന്ന റസിഡന്റ് പെര്‍മിറ്റില്‍ പ്രവാസിയെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. നേരത്തെയുള്ള കാര്‍ഡില്‍ രേഖപ്പെടുത്തിയ ബയോമെട്രിക്ക് വിവരങ്ങളും ഫോട്ടോയും തന്നെയാണ് പുതിയ കാര്‍ഡിലും ഉണ്ടാവുക. റസിഡന്റ് പെര്‍മിറ്റ് കിട്ടാന്‍ നേരത്തെ ഹാജരാക്കിയ അതേ രേഖകള്‍ തന്നെയാണ് പുതിയ കാര്‍ഡിനും ആവശ്യമുള്ളത്.
പുതിയ രീതിയില്‍ രണ്ടുതരം കാര്‍ഡുകളാണ് ഉണ്ടാവുകയെന്ന് ബ്രിഗേഡിയര്‍ അബ്ദുല്ല സാലിം അല്‍ അലി പറഞ്ഞു. സാധാരണ റസിഡന്‍സ് കാര്‍ഡും സ്മാര്‍ട്ട് റസിഡന്‍സ് കാര്‍ഡുമാണ് അവ. നിലവില്‍ സ്മാര്‍ട്ട് റസിഡന്റ് കാര്‍ഡ് അനുവദിക്കുന്ന അതേ സര്‍വീസുകള്‍ തന്നെയാണ് പുതിയതിനും ലഭിക്കുക.  ആദ്യതവണ റസിഡന്റ് പെര്‍മിറ്റ് കാര്‍ഡ് ലഭിക്കാന്‍ പാസ്‌പോര്‍ട്ട് ആവശ്യമാണ്. പിന്നീട് പാസ്‌പോര്‍ട്ടില്‍ മാറ്റം വന്നാലല്ലാതെ  റസിഡന്റ് പെര്‍മിറ്റ് പുതുക്കാന്‍ അതിന്റെ ആവശ്യമില്ല.
പാസ്‌പോര്‍ട്ടില്‍ റസിഡന്റ് പെര്‍മിറ്റ് സ്റ്റിക്കര്‍ പതിക്കേണ്ടതില്ലാത്തതിനാല്‍ സമയവും പ്രയത്‌നവും ലാഭിക്കാമെന്നതു കൂടാതെ ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റിലും സര്‍വീസ് സെന്ററുകളിലും അനുഭവപ്പെടുന്ന തിരക്കും കുറക്കാനാവും. സ്റ്റിക്കര്‍ സമ്പ്രദായം ഇല്ലാതാകുന്നതോടെ കാര്‍ഡ് ഉടമകള്‍ക്ക് കൊമേഴ്‌സ്യല്‍ സെന്ററുകളില്‍ സ്ഥാപിച്ച സെല്‍ഫ് സര്‍വീസ് മെഷീനുകള്‍ ഉപയോഗിച്ചും മെട്രാഷ് 2 വഴിയും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും റസിഡന്റ് പെര്‍മിറ്റ് പുതുക്കാനാകും. പുതിയ കാര്‍ഡ് പോസ്റ്റല്‍ വഴി എത്തിക്കാനാവും.
കമ്പനി ജീവനക്കാരുടെ കാര്‍ഡുകള്‍ പുതുക്കുമ്പോള്‍ കമ്പനിയുടേയും പി ആര്‍ ഒയുടേയും സമയവും പ്രയത്‌നവും കുറക്കാനും പുതിയ റസിഡന്റ് കാര്‍ഡിന് അപേക്ഷിക്കാനും സാധിക്കും. നിലവില്‍ പോസ്റ്റലായി അയക്കുന്ന പാസ്‌പോര്‍ട്ടുകളില്‍ റസിഡന്റ് പെര്‍മിറ്റ് പുതുക്കിയ സ്റ്റിക്കറൊട്ടിച്ച് പുതിയ കാര്‍ഡുമായി തിരികെ പോസ്റ്റ് ചെയ്യുകയാണ് പതിവ്. എന്നാല്‍ പുതിയ സമ്പ്രദായ പ്രകാരം സെല്‍ഫ് സര്‍വീസ് മെഷീനുകള്‍ ഉപയോഗിച്ചോ മെട്രാഷ് 2 വഴിയോ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഉപയോഗിച്ചോ പുതുക്കാവുന്നതാണ്.
നിലവില്‍ രക്ഷിതാക്കളുടെ പാസ്‌പോര്‍ട്ടില്‍ പേര് ചേര്‍ത്തിയിട്ടുള്ള കുട്ടികള്‍ക്കും റസിഡന്റ് പെര്‍മിറ്റ് അനുവദിക്കും. ഒരു ദിവസം പ്രായമുള്ള കുഞ്ഞിനു പോലും റസിഡന്റ് പെര്‍മിറ്റ് ഉണ്ടാകും. അതിനായി അവര്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് എടുക്കണം. 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഒപ്പ് കാര്‍ഡില്‍ ആവശ്യമില്ല.
ഖത്തറിലുള്ള പ്രവാസികള്‍ തങ്ങളുടെ റസിഡന്റ് പെര്‍മിറ്റ് കാര്‍ഡ് എല്ലാ സമയത്തും കൈയ്യില്‍ കരുതേണ്ടതുണ്ട്. കാരണം ഒരേ സമയം പ്രവാസികള്‍ക്ക് ഖത്തറില്‍ താമസിക്കാനുള്ള രേഖയും തിരിച്ചറിയല്‍ കാര്‍ഡുമാണ് ഇത്. അധികൃതര്‍ ആവശ്യപ്പെടുമ്പോള്‍ കാര്‍ഡ് കാണിക്കേണ്ടതുണ്ട്. എയര്‍പോര്‍ട്ട്, രാജ്യാതിര്‍ത്തികള്‍, എയര്‍ലൈന്‍ കമ്പനികള്‍ തുടങ്ങിയവ ആവശ്യപ്പെട്ടാലും കാര്‍ഡ് കാണിക്കേണ്ടതാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങളേയും എല്ലാ എയര്‍ലൈനുകളേയും പുതിയ റസിഡന്റ് പെര്‍മിറ്റ് അനുവദിക്കുന്ന വിവരം ഇതിനകം അറിയിച്ചിട്ടുണ്ട്. ഖത്തറിലെ താമസത്തിന്റെ ഔദ്യോഗിക രേഖയായി ഇത് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
റസിഡന്റ് പെര്‍മിറ്റിന്റേയും കാര്‍ഡ് ഉടമയുടേയും വിശദ വിവരങ്ങള്‍ അറിയാന്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ www.moi.gov.qa എന്ന വെബ്‌സൈറ്റില്‍ പരിശോധിക്കാവുന്നതാണ്. ഖത്തറില്‍ നിന്നും പുറത്തേക്ക് പോകുമ്പോഴും ഖത്തറിലേക്ക് തിരികെ വരുമ്പോഴും പാസ്‌പോര്‍ട്ടിനോടൊപ്പം റസിഡന്റ് പെര്‍മിറ്റും കാണിക്കേണ്ടതുണ്ട്.
പ്രവാസികളുടെ പാസ്‌പോര്‍ട്ടിന്റെ പേജ് ഉപയോഗം കുറക്കാനും പുതിയ സമ്പ്രദായത്തിലൂടെ സാധിക്കും.

Related Articles