ഖത്തറില്‍ പൊതുമാപ്പ്‌ പ്രഖ്യാപനം ഉപയോഗപ്പെടുത്താന്‍ മലയാളത്തിലുള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം

ദോഹ: ഖത്തറില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പൊതുമാപ്പ്‌ ഉപയോഗപ്പെടുത്താന്‍ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ പ്രചാരണവുമായി ആഭ്യന്തര മന്ത്രാലയം. പൊതുമാപ്പ്‌ സംബന്ധിച്ചുള്ള അറിയിപ്പ്‌ മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഫേസ്‌ബുക്ക്‌, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. ഫിലിപ്പീനോ, ഹിന്ദി ഭാഷകളിലും അറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

സെപ്‌റ്റംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ ഒന്നുവരെയാണ്‌ രാജ്യത്ത്‌ നിയമവിരുദ്ധമായി തങ്ങുന്നവര്‍ക്ക്‌ നിയമവിധേയമാകാനും രാജ്യത്തുനിന്ന്‌ പുറത്തുപോകാനും അവസരമൊരുക്കി്‌ പൊതുമാപ്പ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഖത്തറിന്റെ ചരിത്രത്തില്‍ ഇത്‌ മൂന്നാം തവണയാണ്‌ പൊതുമാപ്പ്‌ പ്രഖ്യാപിക്കുന്നത്‌. പന്ത്രണ്ട്‌ വര്‍ഷത്തിന്‌ ശേഷമാണ്‌ പൊതുമാപ്പ്‌ പ്രഖ്യാപിക്കുന്നത്‌. സപ്‌തംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ ഒന്ന്‌ വരെയാണ്‌ പൊതുമാപ്പിനുളള സമയം.

പൊതുമാപ്പിന്‌ അര്‍ഹരായ പ്രവാസികള്‍ക്ക്‌ സ്വദേശത്തേക്ക്‌ മടങ്ങുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിലെ സേര്‍ച്ച്‌ ആന്‍ഡ്‌ ഫോളോഅപ്പ്‌ വകുപ്പിനെ സമീപിക്കേണ്ട സമയം പ്രഖ്യാപിച്ചു. സപ്‌തംബര്‍ ഒന്ന്‌ മുതല്‍ എല്ലാ ആഴ്‌ചയും തിങ്കള്‍ മുതല്‍ വ്യാഴം വരെ ഉച്ചയ്‌ക്ക്‌ രണ്ട്‌ മണി മുതല്‍ എട്ട്‌ മണി വരെയുള്ള സമയങ്ങളില്‍ വകുപ്പിനെ സമീപിക്കാം.