ഖത്തറില്‍ പുതിയ ചികിത്സാ രീതികള്‍ പ്രാബല്യത്തില്‍ വരുത്താനുള്ള നടപടികള്‍ ആരംഭിച്ചു

Untitled-1 copyദോഹ: ആയുര്‍വേദം, ഹോമിയോപ്പതി, കപ്പിംഗ് തെറാപ്പി/ഹിജാമ, ചിറോപ്രാക്ടിക്, അക്യുപങ്ചര്‍ തുടങ്ങി ചികിത്സാരീതികള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ഖത്തര്‍ കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് കെയര്‍ പ്രാക്ടീഷണേഴ്‌സ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 28ന് പൊതുജനാരോഗ്യമന്ത്രാലയത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചിട്ടുണ്ട്.

ഖത്തറില്‍ പുതിയ ചികിത്സാരീതി പ്രയോഗവത്ക്കരിക്കാന്‍ താത്പര്യമുള്ളവരെ മുന്‍നിര്‍ത്തിയാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. ഖത്തറില്‍ ലൈസന്‍സ് ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം. കോംപ്ലിമെന്ററി മെഡിസിന്‍ ചട്ടക്കൂടിനെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, രജിസ്‌ട്രേഷനുള്ള നടപടിക്രമങ്ങള്‍,  രജിസ്‌ട്രേഷന്‍/ ലൈസന്‍സിംഗിന് ഇലക്ട്രോണിക് സംവിധാനത്തിന് അപേക്ഷ നല്‍കേണ്ടത് എങ്ങനെ എന്നീ കാര്യങ്ങള്‍ മനസ്സിലാക്കാനും ശില്‍പ്പശാല ഉപകരിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍  melarini@sch.gov.qa എന്ന ഇമെയില്‍ വഴി രജിസ്റ്റര്‍ ചെയ്യണം. പേര്, ജോലി ചെയ്യുന്ന സ്ഥലമുണ്ടെങ്കില്‍ അതിന്റെ പേര്, എന്തുകൊണ്ട് പങ്കെടുക്കുന്നു എന്നിവ വ്യക്തമാക്കിയിരിക്കണം.

പുതിയ ചികിത്സാരീതികള്‍ പ്രയോഗവത്കരിക്കുന്നതിനായി  നിരവധി അപേക്ഷകള്‍ ക്യു സി എച്ച് പി രജിസ്‌ട്രേഷന്‍, ലൈസന്‍സിംഗ് ഇലക്ട്രോണിക് സിസ്റ്റം മുഖേന ലഭിച്ചിട്ടുണ്ട്. ശരിയായ രീതിയില്‍ യോഗ്യത നേടിയവര്‍ക്കും ഖത്തര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്കും മാത്രമെ ലൈസന്‍സിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടാകുകയുള്ളു. ഈ അപേക്ഷകള്‍ വിശദമായി വിലയിരുത്തിയ ശേഷമായിരിക്കും അര്‍ഹരായവര്‍ക്ക് അനുമതി നല്‍കുക. ചികിത്സാ അനുമതിക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം സജ്ജമായിട്ടുണ്ട്. നിലവിലുള്ള പ്രാക്ടീഷണേഴ്‌സിന് നിയമപരമായി ചികിത്സ നടത്തുന്നതിന്  നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും മറ്റുമായി പത്തു മാസത്തെ ഗ്രേഡ് പിരീഡ് ലഭിക്കും. എന്നാല്‍ ഇവര്‍ ഇതിനു മുന്നോടിയായി അടുത്ത രണ്ടുമാസത്തിനുള്ളില്‍  രജിസ്‌ട്രേഷന്‍/ ഇവാല്വേവേഷന്‍ എന്നിവയ്ക്കായി അപേക്ഷിച്ചിരിക്കണം. അതിനു ശേഷമായിരിക്കും ഇവര്‍ക്ക് ഗ്രേസ് പിരീഡ് നല്‍കുക.

Related Articles