ഖത്തറില്‍ ജൈവായുധങ്ങള്‍ നിരോധിക്കുന്ന നിയമനിര്‍മാണം നിലവില്‍ വരുന്നു

ദോഹ: ഖത്തറില്‍ ജൈവായുധങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള നിയമനിര്‍മാണം ഉടന്‍ നിലവില്‍ വരുമെന്ന്‌ റിപ്പോര്‍ട്ട്‌. ജൈവായുധങ്ങളോ വിഷായുധങ്ങളും വികസിപ്പിക്കുന്നതും സൂക്ഷിക്കുന്നതും തടയുന്ന നിയമം നിര്‍മിക്കുന്നതിനാണ് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയത്. രാജ്യത്ത് വസിക്കുന്ന എല്ലാ പൗരന്‍മാര്‍ക്കും ഒൗദ്യോഗിക വ്യക്തികള്‍ക്കും നിയമം ബാധകമാണ്.

ജൈവായുധ നിര്‍മണം, സൂക്ഷിപ്പ് എന്നിവയുമായി എല്ലാ രീതിയിലുള്ള ബാന്ധവങ്ങളെയും ഇല്ലായ്മ ചെയ്യുന്നതിന് നിര്‍ദേശിക്കുന്ന കര്‍ശനവ്യവസ്ഥകളുള്ളതാണ് നിയമം. ജൈവായുധം നിര്‍മിക്കുക, സൂക്ഷിക്കുക, ഇറക്കുമതി, കയറ്റുമതി, പുനര്‍കയറ്റുമതി തുടങ്ങി എതെങ്കിലും മാര്‍ഗത്തിലൂടെ ജൈവായുധം സ്വീകരിക്കുന്നതും കൈവശം വെക്കുന്നതും നിരോധിക്കുന്നതാണ് കരട് നിയമം. ജൈവായുധ ഇടപാടില്‍ നേരിട്ടോ മറ്റൊരാള്‍ മുഖേനയോ ബന്ധപ്പെടുന്നതും രാജ്യത്തിന് പുറത്ത് നടത്തുന്നു ഇടപാടുകളും കൈമാറ്റങ്ങളും നിയമം തടയുന്നു.മനുഷ്യജീവിതത്തിന് അപായം വരുത്തുന്ന ജൈവായുധങ്ങളുടെയും വിഷവസ്തുക്കളുടെയും സാന്നിധ്യത്തിനും ഉപയോഗത്തിനുമെതിരായ കര്‍ശനമായ നിബന്ധനകളാണ് നിയമത്തിലുള്ളത്.
ജൈവായുധം സംബന്ധിച്ച കരട് നിയമത്തില്‍ ഉപദേശക കൗണ്‍സിലിന്‍െറ ശിപാര്‍ശകള്‍ മന്ത്രിസഭ പരിഗണിച്ചു. 2007ലെ 19ാം  നമ്പര്‍ ഗതാഗതനിയമത്തിലെ ചില വ്യവസ്ഥകളില്‍ ഭേദഗതിവരുത്തിക്കൊണ്ടുള്ള കരട് നിയമത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. കായിക ക്ളബുകളുടെ രൂപവല്‍കരണത്തില്‍ ഒരു കരാര്‍ മാതൃക തയാറാക്കുന്നതും കായിക ക്ളബുകള്‍ക്ക് ചട്ടവും മാര്‍ഗനിര്‍ദേശവും രൂപവല്‍കരിക്കുന്നതും സംബന്ധിച്ച കായിക, സാംസ്കാരിക മന്ത്രിയുടെ രണ്ട് കരട് തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.

കായിക ക്ളബ്ബുകളുടെ നിയന്ത്രണം സംബന്ധിച്ച 2016ലെ ഒന്നാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ പൂര്‍ണമാക്കി നടപ്പില്‍വരുത്തുന്നതിന്‍െറ ഭാഗമായാണ് മന്ത്രാലയം രണ്ട് കരട് നിര്‍ദേശങ്ങള്‍ തയാറാക്കിയത്. ബീജിങില്‍ ഒപ്പുവച്ച ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ്് ബാങ്ക് കരാറിനും അംഗീകാരം നല്‍കി. ഖത്തറും നമീബിയയും തമ്മിലുള്ള കരട് വ്യോമസേവന കരാര്‍, ഖത്തര്‍ ഓഡിറ്റ് ബ്യൂറോ കരട് നിയമം എന്നിവയ്ക്കും ഖത്തര്‍ കമ്മിറ്റി ഫോര്‍ അലയന്‍സ് ഓഫ് സിവിലൈസേഷന്‍സ് ആറാമത് വാര്‍ഷിക റിപ്പോര്‍ട്ടിനും അംഗീകാരം ലഭിച്ചു.