ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളികളെ ഒളിച്ചോടാന്‍ സഹായിക്കുന്നവര്‍ക്ക്‌ തടവും പിഴയും

Untitled-1 copyദോഹ: ഖത്തറില്‍ ഗാര്‍ഹിക മേഖലയില്‍ തൊഴിലെടുക്കുന്ന തൊഴിലാളികളെ ഒളിച്ചോടാന്‍ സഹായിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടിയുമായി ആഭ്യന്തരമന്ത്രാലയം രംഗത്ത്‌. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സ്‌പോണ്‍സര്‍മാരില്‍ നിന്ന്‌ ഒളിച്ചോടാന്‍ പ്രേരിപ്പിക്കുകയും സഹായം നല്‍കുകയും ചെയ്‌ത നിരവധി പേരെ അറസ്റ്റ്‌ ചെയതു. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഗാര്‍ഹിക തൊഴിലാളികളെ പിടികൂടാനായി സെര്‍ച്ച്‌ ആന്‍ഡ്‌ ഫോളോ അപ്പ്‌ വിഭാഗവും ലഖ്വിയ, അല്‍ഫിസ എന്നിവയുമായി സഹകരിച്ചാണ്‌ നടപടികള്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്‌.

ഗാര്‍ഹിക തൊഴിലാളികളെ ഒളിച്ചോടാന്‍ സാഹിക്കുന്നവര്‍ക്ക്‌ 50,000 റിയാല്‍ പിഴയോ മൂന്ന്‌ വര്‍ഷം ജയില്‍ ശിക്ഷയോ ലഭിക്കും. അതെസമയം കുറ്റം ആവര്‍ത്തിച്ചാല്‍ 15 ദിവസം മുതല്‍ മൂന്ന്‌ വര്‍ഷം വരെ തടവും 20,000 മുതല്‍ ഒരു ലക്ഷം വരെ പിഴയും അടക്കേണ്ടി വരും.

അറബി വീടുകളില്‍ ജോലി ചെയ്യുന്ന ആയമാരെയും മറ്റു ഗാര്‍ഹിക തൊഴിലാളികളെയും മറ്റുള്ളവര്‍ പ്രലോഭനം നല്‍കി ഒളിച്ചോടാന്‍ പ്രേരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്‌ ഇത്തരക്കാര്‍ക്കെതിരെ ആഭ്യന്തരമന്ത്രാലയം പരിശോധനകള്‍ ശക്തമാക്കാന്‍ തീരുമാനമെടുത്തത്‌. ഇത്തരത്തില്‍ ഒളിച്ചോടിപ്പോയ 112 കേസുകളാണ്‌ കഴിഞ്ഞവര്‍ഷം രാജ്യത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.

അതെസമയം കഴിഞ്ഞവര്‍ഷം വ്യത്യസ്‌ത കുറ്റകൃത്യങ്ങളില്‍പെട്ട നിരവധി തൊഴിലാളികളെ സ്വദേശത്തേക്ക്‌ മടക്കി അയച്ചതായി ആഭ്യന്തരമന്ത്രാലയത്തിലെ സെര്‍ച്ച്‌ ആന്‍ഡ്‌ ഫോളോ അപ്‌ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ നാസ്സര്‍ അല്‍ സെയ്‌ദ്‌ പറഞ്ഞു. കൂടാതെ നിയമലംഘനം കണ്ടെത്തിയ 5,440 ക്‌മ്പനികളെയും 3,460 വ്യക്തിഗത സ്‌പോണ്‍സര്‍മാരേയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.