ഖത്തറില്‍ കൂടുതല്‍ തൊഴിലവസരങ്ങളുമായി സിദ്‌റ മെഡിക്കല്‍ ആന്റ്‌ റിസേര്‍ച്ച്‌ സെന്റര്‍

ദോഹ: അത്യാധുനിക ചികില്‍സാ സൗകര്യങ്ങള്‍ ലഭ്യമാകുന്ന ഖത്തറിലെ സിദ്റ മെഡിക്കല്‍ ആന്‍റ് റിസേര്‍ച്ച് സെന്‍റര്‍ (സിദ്റ) കൂടുതല്‍ ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നു. ആശുപത്രി സേവനങ്ങള്‍ വിപുലമായരീതിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെയാകും ജീവനക്കാരെ തെരഞ്ഞെടുക്കുകയെന്ന് സി.ഇ.ഒ പീറ്റര്‍ മോറിസ് പറഞ്ഞു. യോഗ്യരായ ഖത്തരി ജീവനക്കാരെയായിരിക്കും കൂടുതലായി നിയമിക്കുക. തുടര്‍ന്ന് ജി.സി.യില്‍നിന്നുള്ളവരെയും. വിദഗ്ധമേഖലകളില്‍ ആവശ്യമായ ചുരുക്കം ചില ജീവനക്കാരെ മറ്റു വിദേശരാഷ്ട്രങ്ങളില്‍നിന്നും കൊണ്ടുവരും.

ഈയിടെ പ്രവര്‍ത്തനമാരംഭിച്ച ഒൗട്ട് പേഷ്യന്‍റ് വിഭാഗത്തിനും മറ്റു സേവനങ്ങള്‍ക്കുമായി 1200 ഓളം ജീവനക്കാരാണ് സിദ്റയിലുള്ളത്. ഈ വര്‍ഷാവസാനത്തോടെ ഇവരുടെ എണ്ണം 1500 ആകും. എന്നാല്‍, ആശുപത്രി പൂര്‍ണമായും സജ്ജമാകുന്നതോടെ മൊത്തം 5000 ജീവനക്കാരെങ്കിലും ആവശ്യമായി വരുമെന്നും മോറിസ് പറഞ്ഞു.