ഖത്തറില്‍ എല്ലാ തൊഴിലാളികള്‍ക്കും മുഴുവന്‍ ശമ്പളത്തോടെ രണ്ടാഴ്ചത്തെ രോഗാവധി

ദോഹ: രജ്യത്തെ പുതിയ തൊഴില്‍ താമസാനുമതി നിയമപ്രകാരം എല്ലാ തൊഴിലാളികള്‍ക്കും രണ്ടാഴ്ച പൂര്‍ണ ശമ്പളത്തോടെ സിക്ക് ലീവ് ലഭിക്കും. തുടര്‍ന്നുള്ള നാലാഴ്ച പകുതി ശമ്പളത്തോടെ അവധി നീട്ടാനുമാവും. തൊഴില്‍ മന്ത്രാലയം ഔദ്യോഗി ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അതെസമയം ആറാഴ്ചയിലധികം തൊഴിലാളിയുടെ അവധി നീണ്ടാല്‍ ജോലിയില്‍ തിരികെ പ്രവേശിക്കുംവരെ തൊഴിലാളിക്ക് ശമ്പളത്തിന് അര്‍ഹതയുണ്ടാവില്ല. അംഗീകൃത ഡോക്ടറുടെ ശുപര്‍ശയോടെ വേണം സിക്ക് ലീവിന് അപേക്ഷിക്കാന്‍. ഈ അപേക്ഷ കമ്പനി അംഗീകരിച്ചാലേ ശമ്പളാനുകൂല്യം ലഭിക്കുകയുള്ളു. എന്നാല്‍ ദീര്‍ഘനാള്‍ സിക്ക് ലീവില്‍ തുടരുന്നത് തൊഴിലാളികള്‍ക്ക് ആശാസ്യമല്ലെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

തൊഴിലിടങ്ങളില്‍ നിന്നും അപകടം പറ്റുമ്പോള്‍ പരമാവധി ആറുമാസത്തേക്ക് പൂര്‍ണശമ്പളത്തോടെ ചികില്‍സാ അവധിയും ചികിത്സാ ചെലവുകളും തൊഴിലാളിക്ക് ലഭിക്കും. ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശ പ്രകാരായിരിക്കും ഇത് അനുവധിക്കുക. തൊഴിലെടുക്കുന്നതിന് അനുയോജ്യരല്ലാത്തവരെ പിരിച്ചുവിടാന്‍ കമ്പനികള്‍ക്ക് അധികാരമുണ്ട്.