ഖത്തറില്‍ അലോപ്പതി മരുന്നുകള്‍ക്ക്‌ വിലകുറയ്‌ക്കുന്നു

Untitled-1 copyദോഹ: ഖത്തറില്‍ അലോപ്പതി മരുന്നുകളുടെ വിലകുറയ്‌ക്കുന്നു. ഈ മാസം 17 മുതല്‍ വിലക്കുറവ്‌ നിലവില്‍ വരും. നൂറോളം വരുന്ന ജീവന്‍ രക്ഷാ മരുന്നുകള്‍ക്കാണ്‌ വില കുറയാന്‍ പോകുന്നത്‌. ജിസിസി രാജ്യങ്ങളില്‍ മരുന്ന്‌ വില ഏകീകരിക്കുന്നതിന്റെ ഭാഗമായാണ്‌ ഈ പുതിയ നടപടി. ഒരു മരുന്ന്‌ ജിസിസി രാജ്യങ്ങളില്‍ എവിടെ നിന്ന്‌ വാങ്ങിയാലും ഒരേ വില ഈടാക്കുന്ന തരത്തിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഇതിന്റെ ഭാഗമായി 2014 സെപ്‌തംബറില്‍ 280 ലധികം മരുന്നുകളുടെ വില കുറച്ചിരുന്നു. വിവിധ ഇനത്തില്‍പ്പെട്ട മരുന്നുകള്‍ക്ക്‌ അഞ്ച്‌ ശതമാനം മുതല്‍ 80 ശതമാനം വരെയാണ്‌ വില കുറയുക.

ഡിമിക്രോണ്‍ 60 എംജി യുടെ 30 ഗുളികള്‍ക്ക്‌ 93 റിയാലുണ്ടായിരുന്നത്‌ ഏപ്രില്‍ 17 മുതല്‍ 26 റിയാലായി മാറും. വലിയ തുക നല്‍കേണ്ടിയിരുന്ന പല മരുന്നുകളുടെയും വില കുറയുന്നത്‌ സാധാരണക്കാര്‍ക്ക്‌ ഏറെ ആശ്വാസമായിരിക്കും.

മരുന്ന്‌ വില കുറച്ചതിനെ തുടര്‍ന്ന്‌ മൊത്തവില്‍പ്പനക്കാരോടും വില കുറയ്‌ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അത്‌ കൊണ്ട്‌ ഫാര്‍മസികളുടെ ലാഭവിഹിതത്തില്‍ കാര്യമായ മാറ്റം വരില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. അതെസമയം മരുന്ന്‌ കമ്പനികളുടെ മൊത്തം വരുമാനത്തില്‍ കുറവ്‌ വന്നേക്കാമെന്ന്‌ സൂചനയുണ്ട്‌. മരുന്നുകളുടെ പരമാവധി ലാഭം 45 ശതമാനമായി നിശ്ചയിച്ചുകൊണ്ട്‌ 2014 ല്‍ സുപ്രിം കൗണ്‍സില്‍ ഓഫ്‌ ഹെല്‍ത്ത്‌ ഉത്തരവിട്ടിരുന്നു. പുതിയ നിരക്ക്‌ നടപ്പാക്കാന്‍ ഫാര്‍മസികള്‍ക്ക്‌ മൂന്ന്‌ മാസത്തെ സാവകാശവും അനുവദിച്ചിരുന്നു. ഇത്‌ പ്രകാരമാണ്‌ ഈ മാസം 17 മുതല്‍ പുതിയ നിരക്കുകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്‌. നിലവില്‍ രാജ്യത്ത്‌ വില്‍പ്പനയിലുള്ള 4,600 മരുന്നുകളില്‍ 2,873 എണ്ണത്തിന്റെ വില പുതുക്കി നിശ്ചയിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.